പിണറായി സർക്കാർ പറയുന്നത് ചെയ്തിരിക്കും; മിനിമം വേതനം നൽകാത്ത മാനേജ്മെന്റ് സൂക്ഷിച്ചോ

കൊശമറ്റം ഫിനാൻസ്, ഇൻഡൽ മണി എന്നീ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പിന്റെ പരിശോധന. തൊഴിൽ നിയമങ്ങൾ പാലിക്കുന്നതു സംബന്ധിച്ചാണു പരിശോധന നടത്തിയത്.

കൊശമറ്റം ഫിനാൻസിന്റെ 148-ഉം ഇൻഡൽ മണിയുടെ 66-ഉം സ്ഥാപനങ്ങളിലെ 807 ജീവനക്കാരെ നേരിൽക്കണ്ടു നടത്തിയ പരിശോധനയിൽ 67 പേർക്കു മിനിമം വേതനം ലഭിക്കുന്നില്ലെന്നു വ്യക്തമായി. ഉത്സവ അവധി നിയമം, പ്രസവ അവധി നിയമം, തെരഞ്ഞെടുപ്പ് ദിവസത്തെ അവധി വേതനം തുടങ്ങിയവ നിഷേധിക്കുന്നതായും കണ്ടെത്തി. മിക്കയിടത്തും വേതന സുരക്ഷാ പദ്ധതി മുഖേന വേതന വിതരണം നടത്തുന്നില്ല. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, ഈക്വൽ റെമ്യുണറേഷൻ നിയമം, ഇതര സംസ്ഥാന തൊഴിലാളി നിയമം എന്നിവയുടെ ലംഘനവും കണ്ടെത്തിയിട്ടുണ്ട്.

നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിനു നോട്ടിസ് നൽകിയതായും നിയമാനുസൃതമുള്ള തുടർ നടപടി സ്വീകരിക്കുമെന്നും ലേബർ കമ്മീഷണർ സി.വി. സജൻ അറിയിച്ചു. അഡീഷണൽ ലേബർ കമ്മിഷണർ(എൻഫോഴ്സ്മെന്റ്) കെ. ശ്രീലാലിന്റെ നിയന്ത്രണത്തിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫിസർമാർ എന്നിവരാണു പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

SHARE