പൗരത്വ ഭേദഗതി നിയമം; പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ഡിജിപി

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ എതിര്‍ നീക്കവുമായി സംസ്ഥാന പൊലീസ് മേധാവി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തില്‍ തെരുവിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ് നിര്‍ദേശം. ജില്ലാ പൊലീസ് മേധാവികള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിര്‍ദേശം കൈമാറിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭപരിപാടികളില്‍ കേസൊന്നുമുണ്ടായില്ല. ഈ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.

ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ ഇത് പ്രാവര്‍ത്തികമാക്കി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

Similar Articles

Comments

Advertismentspot_img

Most Popular