ഇരട്ട സെഞ്ച്വറികള്‍ വാരിക്കൂട്ടി പൂജാര

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ചേതേശ്വര്‍ പൂജാര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ചുറികള്‍ കൊണ്ട് അര്‍ധ സെഞ്ചുറി തീര്‍ത്തതിനു പിന്നാലെ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ടസെഞ്ചുറിയുടെ മധുരവും. കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് പൂജാര ഇരട്ടസെഞ്ചുറി പിന്നിട്ടത്. രണ്ടാം ദിനം മത്സരം പുനഃരാരംഭിക്കുമ്പോള്‍ 238 പന്തില്‍ 162 റണ്‍സുമായി ബാറ്റിങ് പുനഃരാരംഭിച്ച പൂജാര, 314 പന്തില്‍നിന്നാണ് ഇരട്ടസെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കൂടുതല്‍ ഇരട്ടസെഞ്ചുറികളെന്ന സ്വന്തം പേരിലുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് പൂജാര ഒന്നുകൂടി പരിഷ്‌കരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പൂജാരയുടെ 13ാം ഇരട്ടസെഞ്ചുറിയാണിത്. രാജ്യാന്തര ക്രിക്കറ്റില്‍ പൂജാരയുടെ പേരില്‍ മൂന്ന് ഇരട്ടസെഞ്ചുറികളുണ്ട്.

പൂജാരയുടെ ഇരട്ടസെഞ്ചുറിക്കൊപ്പം മധ്യനിര ബാറ്റ്‌സ്മാന്‍ ഷെല്‍ഡണ്‍ ജാക്‌സന്റെ തകര്‍പ്പന്‍ സെഞ്ചുറി കൂടിയായതോടെ കര്‍ണാടകയ്‌ക്കെതിരെ സൗരാഷ്ട്ര 500 റണ്‍സിന് തൊട്ടടുത്തെത്തി. രണ്ടാം ദിനം ചായയ്ക്കു പിരിയുമ്പോള്‍ 150 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 496 റണ്‍സ് എന്ന നിലയിലാണ് സൗരാഷ്ട്ര. പൂജാര 248 റണ്‍സെടുത്തും ജാക്‌സന്‍ 161 റണ്‍സെടുത്തും പുറത്തായി. മൂന്നാം വിക്കറ്റില്‍ പൂജാര ജാക്‌സന്‍ സഖ്യം 394 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതുവരെ 390 പന്തുകള്‍ നേരിട്ട പൂജാര 24 ഫോറും ഒരു സിക്‌സും സഹിതമാണ് 248 റണ്‍സെടുത്തത്. 299 പന്തുകള്‍ നേരിട്ട ജാക്‌സനാകട്ടെ, ഏഴു ഫോറും ആറു സിക്‌സും സഹിതം 161 റണ്‍സുമെടുത്തു. ഓപ്പണര്‍മാരായ ഹാര്‍വിക് ദേശായി (59 പന്തില്‍ 13), സ്‌നെല്‍ പട്ടേല്‍ (53 പന്തില്‍ 16) എന്നിവരാണ് സൗരാഷ്ട്ര നിരയില്‍ പുറത്തായത്. വാസവദ (28), പ്രേരക് മങ്കാദ് (20) എന്നിവര്‍ ക്രീസില്‍.

നേരത്തെ, കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി സെഞ്ചുറി (162*) നേടിയതോടെ പൂജാര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ആക്ടീവ് ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും പൂജാരയ്ക്ക് സ്വന്തമായി. വിദര്‍ഭ താരം വസീം ജാഫറാണ് ഒന്നാമത് (57 സെഞ്ചുറികള്‍).

കൂടുതല്‍ ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

സുനില്‍ ഗാവസ്‌കര്‍ 81

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 81

രാഹുല്‍ ദ്രാവിഡ് 68

വിജയ് ഹസാരെ 60

വസിം ജാഫര്‍ 57

ദിലീപ് വെങ്‌സര്‍ക്കാര്‍ 55

വി.വി.എസ്. ലക്ഷ്മണ്‍ 55

മുഹമ്മദ് അസ്ഹറുദ്ദീന്‍ 54

ചേതേശ്വര്‍ പൂജാര 50

പോളി ഉമ്രിഗര്‍ 49

Similar Articles

Comments

Advertismentspot_img

Most Popular