പൗരത്വ നിയമ ഭേദഗതി: പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വിഷയം ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെക്ക് മുന്നില്‍ അവതരിപ്പിച്ചത്.

നിയമ ഭേദഗതിയില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാടുകള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രിം കോടതി അറിയിച്ചു. നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയുടെ മുമ്പാകെ മാത്രം അറുപതോളം ഹര്‍ജികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി സ്വീകരിച്ചിരുന്നു. ഹര്‍ജി സ്വീകരിക്കാതിരിക്കാന്‍ സുപ്രിം കോടതി ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഹര്‍ജി സ്വീകരിച്ചത്.

സുപ്രിം കോടതിയിലെ ഹര്‍ജികള്‍ ജനുവരി മൂന്നാം ആഴ്ചയാണ് പരിഗണിക്കുക. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് നോട്ടീസയച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular