ദേശീയ ജനസഖ്യാ രജിസ്റ്റര്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ദേശീയ ജനസംഖ്യ രജിസ്റ്ററിനും (എന്‍പിആര്‍) 2021ലെ സെന്‍സസ് നടപടികള്‍ക്കും യോഗം അംഗീകാരം നല്‍കി. സെന്‍സസ് നടപടികള്‍ പൂര്‍ത്തികരിക്കുന്നതിന് ആവശ്യമായ രേഖകളുടെ കാര്യത്തിലും യോഗം ധാരണയിലെത്തി. ബയോമെട്രിക്ക് വിവരങ്ങളോ മറ്റ് രേഖകളോ ആവശ്യമില്ല. പകരം സത്യവാങ്മൂലം നല്‍കിയാല്‍ മതി. അസം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിവരശേഖരണം നടത്താനാണ് തീരുമാനം.

രാജ്യത്തെ പൗരന്മാരുടെ സമഗ്രമായ ഡാറ്റബേസ് തയ്യാറാക്കുന്ന നടപടിക്കാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗം ഇന്ന് തീരുമാനിച്ചത്. ബയോമെട്രിക്ക് വിവരങ്ങള്‍ അടക്കമുള്ളവ എന്‍പിആറിന്റെ ഭാഗമാകും. 8754.23 കോടി രൂപ ഇതിനായി വകയിരുത്തി. എന്‍പിആറിന് മാത്രം 3941.35 കോടി രൂപയാണ് ചെലവ്.

2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 2021ല്‍ സെന്‍സസ് അന്തിമപ്പട്ടിക പുറത്ത് വിടും. എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്നും പ്രകാശ് ജാവദേക്കര്‍. എന്‍ആര്‍സിക്കുള്ള വിവരശേഖരണത്തിനായാണ് സെന്‍സസില്‍ നിന്ന് വേറിട്ട് എന്‍പിആര്‍ വിവരശേഖരം എന്ന ആക്ഷേപം നിലനില്ക്കെ ആണ് സര്‍ക്കാര്‍ തീരുമാനം.

നേരത്തെ കേരളവും പശ്ചിമ ബംഗാളും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular