ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ; അവസരം മുതലെടുത്ത് പാക്കിസ്ഥാന്‍

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്യമെങ്ങും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇത് ഇന്ത്യയിലേക്കുള്ള വിദേശീയരുടെ വരവ് കുറയാന്‍കൂടി കാരണമാകുന്നുണ്ട്. നേരത്തെ സുരക്ഷയുടെ കാര്യത്തില്‍ ലോക ജനത പേടിച്ചിരുന്ന പാക്കിസ്ഥാന്‍ പോലും ഇന്ത്യയിലെ ഈ അവസരം മുതലെടുത്തുകൊണ്ടാണ് നീങ്ങുന്നത്. പാക്കിസ്ഥാനേക്കാള്‍ കൂടുതല്‍ സുരക്ഷാ ഭീഷണി ഉള്ള രാജ്യമാണ് ഇന്ത്യയെന്നാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍നിന്നുള്ള പ്രചാരണങ്ങള്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ എഹ്‌സാന്‍ മാനിയാണ് ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഒരു ദശാബ്ദത്തോളം നീണ്ട ഇടവേളയ്ക്കുശേഷം പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റിനു വേദിയായതിനു പിന്നാലെയാണ് ഇന്ത്യയെ ‘കുത്തി’ പിസിബി ചെയര്‍മാന്റെ വാക്കുകള്‍ എന്നകാര്യം ഓര്‍ക്കണം. ശ്രീലങ്കയ്‌ക്കെതിരായ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയാണ് അടുത്തിടെ അവിടെ നടന്നത്.

2009ല്‍ ലഹോറില്‍വച്ച് ശ്രീലങ്കന്‍ ടീമിനെതിരെ ഭീകരാക്രമണമുണ്ടായശേഷം പ്രമുഖ രാജ്യങ്ങളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിന് പോകാന്‍ തയാറായിരുന്നില്ല. അതുകൊണ്ടു തന്നെ ദുബായ് ഉള്‍പ്പെടെയുള്ള നിഷ്പക്ഷ വേദികളിലാണ് പാക്കിസ്ഥാന്‍ ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ് നടത്തിവന്ന ശ്രമഫലമായാണ് ഈ വര്‍ഷം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനില്‍ ടെസ്റ്റ് കളിക്കാനെത്തിയത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനായി കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ‘പാക്കിസ്ഥാന്‍ ഇന്ത്യയേക്കാള്‍ സുരക്ഷിതമാണെ’ന്ന് പിസിബി ചെയര്‍മാന്‍ വീരവാദം മുഴക്കിയത്.

‘പാക്കിസ്ഥാന്‍ സുരക്ഷിതമാണെന്ന് ഞങ്ങളിതാ തെളിയിച്ചുകഴിഞ്ഞു. ഇനിയും പര്യടനത്തിനു വരാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍, ഇവിടെ സുരക്ഷിതമല്ലെന്ന് തെളിയിക്കാനുള്ള ദൗത്യം അവരുടേതാണ്. നിലവില്‍ പാക്കിസ്ഥാനിലേക്കാള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇന്ത്യയിലാണുള്ളതെന്നും മാനി പറഞ്ഞു.

‘ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയോടെ ഇനി ആരും പാക്കിസ്ഥാനിലെ സുരക്ഷയെക്കുറിച്ച് സംശയമുന്നയിക്കില്ല. പാക്കിസ്ഥാനിലെ ടെസ്റ്റ് ക്രിക്കറ്റിന്റെ തിരിച്ചുവരവാണിത്. പാക്കിസ്ഥാനെക്കുറിച്ച് ഏറ്റവും മികച്ചൊരു ചിത്രം ലോകത്തിനു മുന്നില്‍ വരച്ചിടുന്നതില്‍ ആരാധകരുടെയും മാധ്യമങ്ങളുടെയും പങ്ക് നിസ്തുലമാണെന്നും മാനി പറഞ്ഞു.

ബംഗ്ലദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പാക്കിസ്ഥാനിലേക്ക് പര്യടനത്തിനായി ക്ഷണിക്കാനും മാനി മറന്നില്ല. ‘ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡുമായി ഞങ്ങള്‍ ചര്‍ച്ചയിലാണ്. ഞങ്ങളുടെ ഹോം മത്സരങ്ങള്‍ ഇനി പാക്കിസ്ഥാനില്‍വച്ച് മാത്രമേ നടത്തൂ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇനി ബംഗ്ലദേശ് ധൈര്യസമേതം ഇവിടേക്കു വരുമെന്നാണ് എന്റെ പ്രതീക്ഷ. കാരണം, വരാതിരിക്കാന്‍ യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. ശ്രീലങ്കന്‍ ടീമിന് ഇവിടേക്കു വരാമെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ?’ മാനി ചോദിച്ചു.

2020 ജനുവരിയില്‍ മൂന്ന് ട്വന്റി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളും ഉള്‍പ്പെടുന്ന പരമ്പരയ്ക്കായി ബംഗ്ലദേശ് ഇവിടേക്ക് വരുമെന്നാണ് സൂചനകള്‍. എന്നാല്‍, പാക്കിസ്ഥാനില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ സാഹചര്യങ്ങള്‍ എടുത്ത് പറഞ്ഞ് ഇന്ത്യയ്ക്കിട്ട് ഒരടി കൊടുക്കാന്‍ കിട്ടിയ അവസരം മുതലെടുക്കുകയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍.

Similar Articles

Comments

Advertismentspot_img

Most Popular