ഫ്‌ളാറ്റിന്റെ നാലാം നിലയിലെ സണ്‍ഷെയ്ഡില്‍നിന്നു വീണ് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം: ഫ്‌ളാറ്റിന്റെ നാലാം നിലയില്‍നിന്നു വീണ് വിദ്യാര്‍ഥി മരിച്ചു. പട്ടം ഹീരാ സെന്റര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന നിരഞ്ജന്‍ ആര്‍.രാജേഷാ(16)ണ് ചൊവ്വാഴ്ച രാത്രി സണ്‍ഷെയ്ഡില്‍നിന്നു താഴെവീണ് മരിച്ചത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്‍.രാജേഷിന്റെയും കോട്ടയത്ത് എസ്.ബി.ഐ.യില്‍ ഉദ്യോഗസ്ഥയായ ഗീതാ കൃഷ്ണന്റെയും മകനാണ്. കൊല്ലം മലനട പോരുവഴി സ്വദേശിയായ രാജേഷും കരമന സ്വദേശിനിയായ ഗീതാകൃഷ്ണനും കുടുംബവും കഴിഞ്ഞ മൂന്നു വര്‍ഷമായി പട്ടത്തെ ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് താമസം.

ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെ ഫ്‌ളാറ്റില്‍ ടാങ്കറില്‍ വെള്ളം എത്തിക്കുന്നവരാണ് വിദ്യാര്‍ഥി താഴെവീണു കിടക്കുന്നതു കണ്ടത്. അവര്‍ രക്ഷാകര്‍ത്താക്കളെ വിവരമറിയിക്കുകയായിരുന്നു. പട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിരഞ്ജന്‍ കിടപ്പുമുറിയോടു ചേര്‍ന്നുള്ള ജനാലയുടെ ഇളക്കിമാറ്റാവുന്ന വാതില്‍ വഴിയാണ് സണ്‍ഷെയ്ഡില്‍ എത്തിയത്. ഇവിടെ ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണായിരിക്കാം അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സണ്‍ഷെയ്ഡില്‍നിന്ന് ഒരു തലയിണയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, മുറി അകത്തുനിന്നു പൂട്ടിയ ശേഷം പുറത്തിറങ്ങിയത് രക്ഷാകര്‍ത്താക്കള്‍ അറിഞ്ഞില്ല.

മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധനയ്ക്കു ശേഷം പട്ടം കേന്ദ്രീയവിദ്യാലയത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. വിദ്യാര്‍ഥിനിയായ മീനാക്ഷിയാണ് സഹോദരി. മ്യൂസിയം പോലീസ് കേസെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular