മഹാരാഷ്ട്ര സര്‍ക്കാര്‍: നാളെ തീരുമാനം; ബിജെപിയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നല്‍കിയ കത്തും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മതിയായ ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്തും തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ഹാജരാക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു.

പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള എം.എല്‍.എമാരുടെ കത്തും കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ എന്‍.വി.രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസം സമയം നല്‍കണമെന്ന ബിജെപി ആവശ്യം കോടതി അംഗീകരിച്ചില്ല. വിശ്വാസ വോട്ടെടുപ്പ് നാളെ വേണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യവും കോടതി നിരസിച്ചു.

സുപ്രീം കോടതി മൂന്നംഗ ബഞ്ചിനു മുന്നില്‍ ആദ്യം വാദിച്ചത് കപില്‍ സിബലാണ്. ശിവസേനയ്ക്ക് വേണ്ടിയാണ് സിബല്‍ കോടതിയില്‍ ഹാജരായത്. ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്നും അവകാശപ്പെട്ടു. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം നിലയ്ക്കല്ല, ആരുടെയൊ നിര്‍ദേശപ്രകാരമാണെന്ന് സിബല്‍ ആരോപിച്ചു. 24 മണിക്കൂറിനകം വിശ്വാസ വോട്ടടുപ്പ് നടത്തണം. നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണ്.

ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരു രേഖയൊ കത്തോ ഫഡ്‌നാവിസ് ഹാജരാക്കിയതായി അറിയില്ല. അങ്ങനെ ഒരു രേഖയും ലഭ്യമല്ല. ഭൂരിപക്ഷം ഉണ്ട് എന്നത് വെറും ഊഹാപോഹം മാത്രമാണെന്നും കപില്‍ സിബല്‍ കോടതിയെ ആരോപിച്ചു. എത്രയും വേഗം വിശ്വാസ വോട്ടെടുപ്പിന് അനുമതി നല്‍കിയില്ലെങ്കില്‍ കുതിരക്കച്ചവടത്തിന് സാഹചര്യമൊരുങ്ങുമെന്നും അതിന് കോടതി അനുമതി നല്‍കരുതെന്നും കപില്‍ സിബല്‍ വാദിച്ചു.

എന്‍സിപിയ്ക്കും കോണ്‍ഗ്രസിനും വേണ്ടി മനു അഭിഷേക് സിങ് വിയാണ് ഹാജരായത്. ഭൂരിപക്ഷം സംബന്ധിച്ച യാതൊരു പരിശോധനയും ഗവര്‍ണ്ണര്‍ നടത്തിയിട്ടില്ലെന്നും അജിത് പവാറിനെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയ തീരുമാനവും മനുഅഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാള്‍ എങ്ങനെയാണ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതെന്നും സിങ്വി ചോദിച്ചു. ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ അവര്‍ അത് നിയമസഭയില്‍ തെളിയിക്കട്ടെയെന്നും വോട്ടെടുപ്പ് സുതാര്യമായിരിക്കണമെന്നും സിങ്വി ആവശ്യപ്പെട്ടു.

ബിജെപിക്ക് വേണ്ടി മുകുള്‍ റോഹ്ത്തഗിയാണ് ഹാജരായത്. ഇത്രയും ദിവസം കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ എവിടെ ആയിരുന്നുവെന്ന് ചോദിച്ചു കൊണ്ടാണ് മുകുള്‍ റോഹ്ത്തഗി വാദം ആരംഭിച്ചത്. ഹര്‍ജി കോടതി പരിഗണിക്കരുതെന്നും റോഹ്ത്തഗി വാദിച്ചു. എന്നാല്‍ ഈ ആവശ്യം കോടതി ആദ്യം തന്നെ നിരസിച്ചു. ‘ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ല. ഒരു കക്ഷിയെ മന്ത്രി സഭ രൂപവത്കരിക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട് അതിനാല്‍ തന്നെ ഗവര്‍ണറുടെ നടപടി പുനപരിശോധിക്കേണ്ട ആവശ്യമില്ല’ – മുഗുള്‍ റോഹ്ത്തഗി കോടതിയില്‍ വാദിച്ചു. മൂന്ന് ദിവസം നല്‍കിയാല്‍ ഭൂരിപക്ഷം തെളിയിക്കാമെന്നും മുകുള്‍ റോഹ്ത്തഗി കോടതിയെ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular