മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല; രാത്രിയില്‍ ശരദ് പവാറിന്റെ പുതിയ നീക്കം

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് രാത്രിയിലും അവസാനമായില്ല. ബി.ജെ.പി ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് അജിത്ത് പവാറിനൊപ്പം ഉണ്ടായിരുന്ന ഭൂരിഭാഗം എ.എല്‍.എമാരെയും ശരദ് പവാര്‍ എന്‍.സി.പി യോഗത്തിനെത്തിച്ചു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് അജിത്ത് പവാറിനുള്ളത്.

മുംബൈയില്‍ വൈബി ചവാന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ 50 എന്‍സിപി എംഎല്‍എമാരും എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരില്‍ 35ലേറെ എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത്ത് പവാര്‍ അവകാശപ്പെട്ടിരുന്നത്. ഇവരില്‍ അജിത്ത് പവാറിന്റെ കൂടെയായിരുന്ന മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെ യോഗത്തിനെത്തിയതാണ് എന്‍.സിപി നേതാക്കളെ പോലും ഞെട്ടിച്ചത്.

അജിത്ത് പവാര്‍ ഉള്‍പ്പടെയുള്ള നാല് എം.എല്‍.എമാരും യോഗത്തിന് എത്തുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്ന് എന്‍.സി.പി വൃത്തങ്ങള്‍ പ്രതികരിച്ചു. അതിനിടെ അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റാനും യോഗത്തില്‍ തീരുമാനമായി. പകരം ജയന്ത് പാട്ടീലാണ് പുതിയ നിയമസഭാ കക്ഷി നേതാവ്.

എന്നാല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ നിലവില്‍ ഡല്‍ഹിയിലാണ് ഉള്ളത്. ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് പോയത്. അതിനാല്‍ നിലവിലെ സാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടായേക്കില്ല. അജിത്ത് പവാറിനൊപ്പമുള്ള മറ്റ് മൂന്ന് എം.എല്‍.എമാരയും ഉടന്‍ എന്‍.സി.പി ക്യാമ്പിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടക്കുന്നുണ്ട്. എന്‍.സി.പി, ശിവസേന നേതാക്കള്‍ സംയുക്തമായിട്ടാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular