സഞ്ജുവിനെ വീണ്ടും തഴയും..?

സൗരവ് ഗാംഗുലിക്ക് കീഴില്‍ പുതിയ ബിസിസിഐ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ആദ്യ ടീം തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ്- ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിക്കുന്നത്. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം കിട്ടുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

എന്നാല്‍ സഞ്ജു വി സാംസണ് അല്‍പം നിരാശ നല്‍കുന്ന സൂചനകളാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിടുന്നത്. ഋഷഭ് പന്തിനോട് സെലക്ടര്‍മാരും ടീം മാനേജ്മെന്റും വീണ്ടും അനുകമ്പ കാട്ടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എം എസ് ധോണിയുടെ പിന്‍ഗാമിയായി ഇപ്പോഴത്തെ സെലക്ഷന്‍ കമ്മറ്റി കണക്കാക്കുന്നത് ഋഷഭ് പന്തിനെയാണ്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും പന്തിന് മികവിലെത്താന്‍ ആവശ്യമായ അവസരം നല്‍കാനുമാണ് സാധ്യത. ടീം മാനേജ്മെന്റും ഇതുതന്നെയാണോ ലക്ഷ്യമിടുന്നത് എന്ന് കാത്തിരുന്ന് കാണാമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വിജയ് ഹസാരെ ട്രോഫിയിലെ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി സഞ്ജുവിന് അനുകൂലഘടകമാണ്. എന്നാല്‍ അടുത്ത് വര്‍ഷം ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഋഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് അത് തിരിച്ചടിയാവും. ടി20യില്‍ മികവിലേക്കുയരാത്തതില്‍ പന്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. പന്തിന് പകരം സഞ്ജുവിന് അവസരം നല്‍കണമെന്ന് വാദിച്ച് മുന്‍താരങ്ങളുള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തുരുന്നു.

SHARE