അപ്രതീക്ഷിത നീക്കവുമായി മഞ്ജു; മഞ്ജു- ശ്രീകുമാര്‍ പ്രശ്‌നത്തില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചു

ജീവിതത്തില്‍ പലവിധ പ്രതിസന്ധികളും നേരിടേണ്ടി വന്ന മഞ്ജു വാര്യര്‍ വീണ്ടും വിവാദത്തിലേക്ക്. ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും നടി മഞ്ജുവാര്യര്‍ പരാതി നല്‍കിയിരിക്കുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഈ ആരോപണം ഉന്നയിക്കുന്നത്. സംഭവത്തില്‍ ഡിജിപി പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോ എന്ന് താന്‍ ഭയപ്പെടുന്നതായി പരാതിയില്‍ മഞ്ജുവാര്യര്‍ പറയുന്നുണ്ട്. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പറയുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് സംസ്ഥാന പൊലീസ് മേധാവിയെ നേരില്‍ കണ്ട മഞ്ജുവാര്യര്‍ പരാതിക്കൊപ്പം വിവിധ രേഖകളും കൈമാറിയതായാണ് വിവരം.

തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നുണ്ട്. ഒടിയന് ശേഷം തനിക്ക് നേരെ നടക്കുന്ന ഗൂഢാലോചനയില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തിനും പങ്കുണ്ട്. ഇവരുടെ സൗഹൃദം തെളിയിക്കുന്ന ചില ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും താനുമായി അടുപ്പമുള്ളവരെ ബന്ധപ്പെട്ടത്തിന്റെ ടെലിഫോണ്‍ രേഖകളും മഞ്ജു ഡിജിപിക്ക് കൈമാറി എന്നാണ് വിവരം.

മഞ്ജു തന്നെ എഴുതി നല്‍കിയ പരാതിയില്‍ സാമ്പത്തിക ചൂഷണവും, ഭീഷണിയും കൂടാതെ അപായപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി എന്ന് പറയുന്നതോടെ മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കാന്‍ സാധ്യതയുള്ള വലിയൊരു വിവാദത്തിനാണ് തുടക്കമായിരിക്കുന്നത്.

മഞ്ജു ഡിജിപിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷം നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ റേഞ്ച് ഐജി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പിക്കാന്‍ ഡിജിപി തീരുമാനിച്ചേക്കും എന്നാണ് സൂചന.

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയിപ്പെടുന്ന മുന്‍നിര നടിയാണ് ഒരു സംവിധായകനെതിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ഇതാദ്യമായാണ്. സാധാരണഗതിയില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കിടയിലുണ്ടാവുന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളും അമ്മയും ഫെഫ്കയുമടക്കമുള്ള സംഘടനകളിലാണ് ആദ്യം ഉന്നയിക്കപ്പെടാറുള്ളത്. തുടര്‍ന്ന് സംഘടനനേതൃത്വം കൂടി ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാറുള്ളതും. എന്നാല്‍ പതിവിന് വിപരീതമായി മഞ്ജുവാര്യര്‍ നേരിട്ട് പൊലീസിനെ സമീപിക്കുകയാണ് ഇവിടെ. പരാതിയില്‍ മഞ്ജു ഉറച്ചു നില്‍ക്കുന്ന പക്ഷം സംഘടനകള്‍ക്കും ഇതില്‍ കാര്യമായി ഇടപെടാനാവില്ല.

വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ക്ക് കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് കളമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്.

അതേസമയം മഞ്ജുവിന്റെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. ഡിജിപിയുടെ കീഴിലുള്ള സ്പെഷ്യല്‍സെല്‍ ആണ് പരാതി ആദ്യം പരിശോധിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

‘പരാതി കിട്ടിയിട്ടുണ്ട്. പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കും. നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ, എന്നിട്ടു തീരുമാനമെടുക്കും. നിയമനടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.’ ഡിജിപി പറഞ്ഞു.

ഡിജിപിയ്ക്കു കീഴിലെ സ്പെഷ്യല്‍ സെല്‍ ഈ പരാതി ആദ്യം പരിശോധിയ്ക്കും. അതിനു ശേഷം ഏതു തരത്തില്‍ നിയമനടപടി സ്വീകരിക്കണം എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. പരാതി പഠിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം ഡിജിപിയുടെ അടുക്കല്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. ഫെഫ്കയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്റെ മൊഴിയും എടുത്തേക്കും.

വ്യക്തിപരവും സിനിമാ സംബന്ധവുമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയിട്ടുള്ളത്. സിനിമാപ്രവര്‍ത്തകര്‍ക്കിടയിലും ഈ പ്രശ്നത്തെക്കുറിച്ചുള്ള അന്വേഷണം നടക്കണം എന്ന നിലയ്ക്കാണ് സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയ്ക്കു കൂടി കത്തു നല്‍കിയത്. കത്തിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular