നമിത ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നമിത മുന്ദഡ ബി.ജെ.പി.യില്‍ ചേര്‍ന്നു. ബീഡ് ജില്ലയിലെ കൈജ് മണ്ഡലത്തില്‍ എന്‍.സി.പി. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നമിത ബി.ജെ.പി.യില്‍ ചേക്കേറിയത്.

മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ് മുണ്ടെ, ബി.ജെ.പി. എം.പി. പ്രീതം മുണ്ടെ എന്നിവരുടെ സാന്നിധ്യത്തിലാണ് എന്‍.സി.പി.യുടെ വനിതാ നേതാവ് ബി.ജെ.പി.യില്‍ അംഗത്വമെടുത്തത്. നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നമിത മുന്ദഡ ബി.ജെ.പി.യില്‍ ചേര്‍ന്നത് എന്‍.സി.പി.ക്ക് വന്‍ തിരിച്ചടിയായി.

സെപ്റ്റംബര്‍ ആദ്യമാണ് നമിത മുന്ദഡയെ കൈജിലെ എന്‍.സി.പി. സ്ഥാനാര്‍ഥിയായി ശരദ് പവാര്‍ പ്രഖ്യാപിച്ചത്. 2014-ലെ നിയമസഭ തിരഞ്ഞെടുപ്പിലും നമിത തന്നെയായിരുന്നു കൈജിലെ എന്‍.സി.പി. സ്ഥാനാര്‍ഥി. അന്ന് ബി.ജെ.പി.യിലെ സംഗീത തോംബറെയോട് പരാജയപ്പെടുകയായിരുന്നു. മുന്‍ എന്‍.സി.പി. മന്ത്രി വിമല്‍ മുന്ദഡയുടെ മരുമകള്‍ കൂടിയാണ് പാര്‍ട്ടിവിട്ട നമിത മുന്ദഡ.

SHARE