ഇപ്പോഴത്തെ ജനവിധി സര്‍ക്കാരിന്റെ വിലയിരുത്തലായി കാണേണ്ടതില്ലെന്ന് കോടിയേരി

തിരുവനന്തപുരം: അടുത്തമാസം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാമണ്ഡലങ്ങളിലെയും ഇടതുസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, എറണാകുളത്ത് മനു റോയ്, അരൂരില്‍ മനു സി. പുളിക്കല്‍, കോന്നിയില്‍ കെ.യു. ജനീഷ് കുമാര്‍, വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. യുവാക്കളും പുതുമുഖങ്ങളുമാണ് എല്‍ഡഎഫിന്റെ സ്ഥാനാര്‍ഥികള്‍ എന്നതാണ് ശ്രദ്ധേയം.

മഞ്ചേശ്വരത്ത് മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പുവിനെയായിരുന്നു സ്ഥാനാര്‍ഥിയാക്കുകയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നതെങ്കിലും അവസാന നിമിഷം ശങ്കര്‍ റേയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മഞ്ചേശ്വരത്ത് ആ വിഭാഗത്തില്‍നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ശങ്കര്‍ റേയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം. റോയിയുടെ മകനും അഭിഭാഷകനുമാണ് മനു റോയ്, ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് അരൂരില്‍ മത്സരിക്കുന്ന മനു സി. പുളിക്കല്‍, കോന്നിയില്‍ സ്ഥാനാര്‍ഥിയാകുന്ന കെ.യു. ജനീഷ് കുമാര്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റാണ്, തിരുവനന്തപുരം മേയറാണ് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനവിധി സര്‍ക്കാരിന്റെ വിലയിരുത്തലായി കാണേണ്ടതില്ലെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇടത് മുന്നണി വലിയ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular