പിറവം പള്ളി സംഘര്‍ഷം; മെത്രാന്‍മാരും പുരോഹിതരുമടങ്ങുന്ന യാക്കോബായ വിശ്വാസികള്‍ അറസ്റ്റ് വരിച്ചു

കൊച്ചി: പിറവം പള്ളിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ മെത്രാന്‍മാരും പുരോഹിതരും അടക്കമുള്ള യാക്കോബായ വിഭാഗക്കാരായ വിശ്വാസികള്‍ അറസ്റ്റ് വരിച്ചു. കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അറസ്റ്റ് വരിച്ച് സമാധാനപരമായി സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ധാരണയായത്. പ്രാര്‍ഥനാപൂര്‍വം അറസ്റ്റ് വരിക്കുകയാണെന്ന് യാക്കോബായ സഭാ മെത്രാന്‍മാര്‍ പറഞ്ഞു.

പിറവം പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ നീക്കം ചെയ്യാന്‍ പോലീസ് ബലമായി പള്ളിയില്‍ പ്രവേശിക്കുകയായിരുന്നു. പിറവം പള്ളിയുടെ പ്രധാനഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് പോലീസ് ഉള്ളില്‍ കടന്നത്. തുടര്‍ന്ന് കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങിയതോടെയാണ് മെത്രാന്‍മാരുമായി കളക്ടര്‍ ചര്‍ച്ച നടത്തിയത്.

കോടതി ഉത്തരവുണ്ടായെങ്കിലും പള്ളിയില്‍നിന്ന് ഇറങ്ങില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം സ്വീകരിച്ചിരുന്നത്. വിശ്വാസികളോട് പിരിഞ്ഞു പോകേണ്ടതില്ലെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് വരിക്കുമെന്നും മെത്രാന്മാരും പുരോഹിതരും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് മെത്രാന്‍മാര്‍ നിലപാട് മയപ്പെടുത്തുകയും സംഘര്‍ഷം ഒഴിവാക്കാന്‍ അറസ്റ്റ് വരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തത്.

SHARE