25,000 രൂപ പിഴയിട്ടതിന്റെ കലിപ്പില്‍ യുവാവ് ബൈക്ക് നടുറോട്ടിലിട്ട് കത്തിച്ചു

ന്യൂഡല്‍ഹി: ഗതാഗത നിയമം ലംഘിച്ചതിന് 25,000 രൂപ പിഴയിട്ടതിന്റെ കലിപ്പില്‍ യുവാവ് സ്വന്തം ബൈക്കിന് തീയിട്ടു. വ്യാഴാഴ്ച ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ പൊതു നിരത്തിലാണ് ബൈക്കിന് തീകൊളുത്തിയത്. നിയമലംഘനത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് വലിയ തുക പിഴയിട്ടതില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ബൈക്ക് കത്തിച്ചത്. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയും പിഴ തുകയും നിരവധി ഇരട്ടിയായി വര്‍ധിപ്പിച്ചത് അടുത്തിടെയാണ്.

ട്രാഫിക് പോലീസിന്റെ പരിശോധനയ്ക്കിടെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ക്ക് പോലീസ് 25,000 രൂപ പിഴയിട്ടത്. ഇതില്‍ പ്രകോപിതനായാണ് മദ്യലഹരിയിലായിരുന്ന ഇയാള്‍ ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറയുന്നു. പൊതു നിരത്തില്‍ അഗ്‌നിബാധയുണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

സെപ്റ്റംബര്‍ ഒന്നു മുതലാണ് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പുതുക്കിയ പിഴ നിലവില്‍വന്നത്. ഇതിനു ശേഷം രാജ്യത്ത് നിരവധി പേര്‍ക്ക് ഉയര്‍ന്ന തുക പിഴയിട്ടിരുന്നു. ഗുരുഗ്രാമില്‍ വിവിധ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ യുവാവിന് 24,000 രൂപ പിഴയിട്ടു. സിഗ്‌നല്‍ തെറ്റിച്ചതിന് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് 32,500 രൂപയും പിഴയിട്ടു.

ഭുവനേശ്വറില്‍ മദ്യപിച്ച് വാഹനം ഓടിച്ച മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് 47,500 രൂപയും പിഴ ലഭിച്ചു. ഇയാള്‍ 26,000 രൂപയ്ക്ക് ഏതാനും ദിവസം മുന്‍പാണ് ഒരു പഴയ ഓട്ടോറിക്ഷ വാങ്ങിയത്. പിഴയിട്ടതിനു പുറമേ പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തതായും ഇയാള്‍ ആരോപിക്കുന്നു. ബെംഗളൂരുവില്‍ മദ്യപിച്ച് വാഹനമോടിച്ച യുവാവിന് 17,000 രൂപയുടെ പിഴശിക്ഷയും ലഭിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular