റോഡ് സുരക്ഷ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആഹ്വാനം ചെയ്ത് ട്രോമാക്‌സ് 2019

കൊച്ചി: തലയോട്ടി, മുഖം, താടിയെല്ല് (ക്രാനിയോമാക്‌സില്ലോഫേഷ്യല്‍) എന്നിവയ്ക്ക് ഏല്‍ക്കുന്ന പരിക്കുകളുടെ ചികിത്സയെ സംബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ‘ട്രോമാക്‌സ് 2019’ ദ്വിദിന ശില്‍പശാല നടന്നു. റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡിലെ സുരക്ഷാ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ശില്‍പശാല ആഹ്വാനം ചെയ്തു. ശില്‍പശാലയില്‍ സംസാരിച്ച പ്രമുഖ ക്രാനിയോമാക്‌സില്ലോഫേഷ്യല്‍ സര്‍ജന്‍മാര്‍ റോഡപകടത്തില്‍പ്പെടുന്നവരെ കൈകാര്യം ചെയ്യുന്നതും അവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് സംബന്ധിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യത എടുത്തുപറഞ്ഞു.

മുഖത്ത് പരിക്കുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ അത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പുതിയ മാക്‌സില്ലോഫേഷ്യല്‍ സര്‍ജന്‍മാരെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഈ രംഗത്ത് ഈയടുത്തകാലത്ത് ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളെക്കുറിച്ചും ശില്‍പശാല ചര്‍ച്ച ചെയ്തു. ക്രാനിയോമാകിസില്ലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തിന് പുറമേ എമര്‍ജന്‍സി കെയര്‍ മെഡിസിന്‍, ഇന്റന്‍സിവ് കെയര്‍, ന്യൂറോസര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരും ശില്‍പശാലയില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്ക് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അംഗീകരിച്ച ജീവന്‍ നിലനിര്‍ത്താനുള്ള അടിസ്ഥാന മാര്‍ഗങ്ങളില്‍ പരിശീലനവും നല്‍കി.

ഡോ. ഷെറി പീറ്റര്‍, ഡോ. ലത പി. റാവു, ഡോ. റീന ജോണ്‍, ഡോ. രവി വീരരാഘവന്‍, ഡോ. ബോബി ജോണ്‍, ഡോ. ഫ്രെഡറിക് വില്യംസ്, ഡോ. ജോണ്‍സണ്‍ വര്‍ഗീസ്, ഡോ. അരില്‍ എബ്രഹാം, ഡോ. സംഗീത് പി.എസ്, ഡോ. ജിതേന്ദ്ര ടി, ഡോ. ജ്യോതിലക്ഷ്മി നായര്‍, ഡോ. ഷിജോയ് ജോഷ്വ തുടങ്ങിയവര്‍ സംസാരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular