പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിവരം നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ തീവ്രവാദക്കേസില്‍ കുടുക്കിയെന്ന് റഹീം

കൊച്ചി: ബഹ്‌റെന്‍ പോലീസിന് പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിവരം നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ തന്റെ ഐ.ഡി. കാര്‍ഡ് ഉപയോഗിച്ച് തീവ്രവാദക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് അബ്ദുള്‍ ഖാദര്‍ റഹിം. ലഷ്‌കറെ തോയ്ബ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച രാവിലെ വിട്ടയച്ച കൊടുങ്ങല്ലൂര്‍ എറിയാട് മാടവന സ്വദേശി കൊല്ലിയില്‍ വീട്ടില്‍ അബ്ദുള്‍ഖാദര്‍ റഹിമിനെ(39) ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.

അന്വേഷണസംഘം ആവശ്യപ്പെട്ടതനുസരിച്ച് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിനെത്തിയ റഹിമിനെ എന്‍.ഐ.എ, ഐ.ബി., റോ, തമിഴ്നാട് ക്യൂബ്രാഞ്ച്, കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എന്നിവരാണ് വീണ്ടും ചോദ്യംചെയ്തത്. കസ്റ്റഡിയിലെടുത്ത റഹീമിന്റെ മൊഴികളില്‍ സംശയമൊന്നും തോന്നാത്തതിനാല്‍ 24 മണിക്കൂര്‍ ചോദ്യംചെയ്യലിനുശേഷം ഞായറാഴ്ച വിട്ടയച്ചിരുന്നു. കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ഇന്നലെ വീണ്ടും വിളിച്ചുവരുത്തിയത്. അഭിഭാഷകരായ മുഹമ്മദ് ഷമീം, ഭാര്യ, സഹോദരന്‍ എന്നിവരോടൊപ്പം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയ റഹിം താന്‍ നിരപരാധിയാണെന്ന മൊഴി ആവര്‍ത്തിച്ചു. അഭിഭാഷകനെയും ഭാര്യയെയും സഹോദരനെയും ഒഴിവാക്കിയായിരുന്നു ചോദ്യംചെയ്യല്‍.

റഹിമിന്റെ ഐ.ഡി. കാര്‍ഡ് ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടതിന്റെ നിജസ്ഥിതിയെക്കുറിച്ചായിരുന്നു അന്വേഷണസംഘം ഇന്നലെ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടെന്ന് സംശയിക്കുന്നതായി റഹിം അന്വേഷണസംഘത്തെ ധരിപ്പിച്ചു. 18 വര്‍ഷത്തോളം ബഹ്‌റെനില്‍ ജോലി നോക്കിയെങ്കിലും കാര്യമായി സമ്പാദിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആറുമാസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ താന്‍ ആലുവയില്‍ വര്‍ക്ക്ഷോപ്പ് തുടങ്ങി. പ്രളയത്തില്‍ കേടുപാട് സംഭവിച്ച കാറുകള്‍ നന്നാക്കാന്‍ ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് വര്‍ക്ഷോപ്പ് തുടങ്ങിയത്. എന്നാല്‍ വര്‍ക്ഷോപ്പും നഷ്ടക്കച്ചവടമായതോടെ മറ്റ് ചിലരെ ഏല്‍പ്പിച്ച് ഒരുമാസം മുമ്പ് വീണ്ടും ബഹ്‌റെനിലേക്ക് തിരിച്ചുപോയി.

വിസിറ്റിങ് വിസയില്‍ പോയ അവിടെ ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് തന്റെ സ്ഥാപനത്തില്‍ മുമ്പ് ജോലിചെയ്തിരുന്ന സുല്‍ത്താന്‍ബത്തേരി സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതി ഹോട്ടലിലെ പെണ്‍വാണിഭസംഘത്തില്‍ കുടുങ്ങിയതായി മനസിലാകുന്നത്. അവരുടെ കണ്ണീരു കണ്ടപ്പോള്‍ മനുഷ്യത്വം കാരണം ഇടപെട്ടു.

ഹോട്ടലില്‍ പെണ്‍വാണിഭസംഘത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ബഹ്റൈനിലെ ചില സുഹൃത്തുക്കള്‍ മുഖേന അവിടത്തെ പോലീസില്‍ വിവരമറിയിച്ചു. മലയാളികള്‍ക്ക് പങ്കാളിത്തമുള്ള പെണ്‍വാണിഭസംഘത്തിന്റെ സാന്നിധ്യം മനസിലാക്കിയ ബഹ്‌റെന്‍ പോലീസ് റെയ്ഡ് ചെയ്ത് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി ഹോട്ടല്‍ പൂട്ടിച്ചു.

ഹോട്ടല്‍ പൂട്ടിച്ചതിലുള്ള പ്രതികാരമായി അവിടെ താമസിക്കുമ്പോള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങളുപയോഗിച്ച് ബഹ്‌റെനില്‍ പോലീസിലും കേരള പോലീസിലും ഭീകരബന്ധം ആരോപിച്ച് പരാതി നല്‍കി. ബഹ്‌റെന്‍ പോലീസ് സത്യാവസ്ഥ മനസിലാക്കിയതിനാല്‍ തനിക്കെതിരേ നടപടിയൊന്നും സ്വീകരിച്ചില്ല.

അതിനിടെയാണ് ഇന്ത്യയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് പാക് പൗരന്‍ ഉള്‍പ്പെട്ട ആറംഗ ലഷ്‌കറെ തോയ്ബ ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് കടല്‍ മാര്‍ഗം കോയമ്പത്തൂരിലേക്ക് കടന്നതായി മിലിട്ടറി ഇന്റലിജന്‍സിന് വിവരം ലഭിക്കുന്നത്. ഭീകരസംഘത്തെ കോയമ്പത്തൂരിലെത്തിക്കാന്‍ സഹായം ചെയ്തത് താനാണെന്ന പ്രചാരണത്തെക്കുറിച്ച് മാധ്യമങ്ങളില്‍നിന്ന് അറിഞ്ഞപ്പോള്‍ പോലീസില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കാനാണ് നാട്ടിലെത്തിയത്.

പോലീസിന്റെ മുമ്പില്‍ പെട്ടെന്ന് ചെന്നുപെടേണ്ടെന്ന ചിലരുടെ ഉപദേശത്തെത്തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ച് പോലീസിന്റെ പിടിയിലാകുന്നതെന്ന് റഹിം അന്വേഷണസംഘത്തെ ധരിപ്പിച്ചു. അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം സമര്‍പ്പിച്ച രേഖകളുടെ വിശ്വസ്തത ഉറപ്പുവരുത്താന്‍ ബഹ്‌റെനില്‍നിന്ന് മറ്റുചില രേഖകള്‍കൂടി ഉടന്‍ ഹാജരാക്കുമെന്നും റഹിം അറിയിച്ചു. റഹിം ചോദ്യംചെയ്യലിനോട് നൂറുശതമാനം സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.

വൃദ്ധരായ മാതാപിതാക്കള്‍ റഹിമിന്റെ കൂടെയാണ് താമസിക്കുന്നത്. രണ്ട് സഹോദരികളും മൂന്ന് സഹോദരന്മാരുമാണ് റഹിമിനുള്ളത്. ഒരു സഹോദരന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. ഭാര്യയും എല്‍.കെ.ജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍മക്കളുമാണ് റഹിമിനുള്ളത്. വര്‍ക്ഷോപ്പ് തുടങ്ങാനും ഗള്‍ഫില്‍ പോകാനുമായി 10 ലക്ഷം രൂപ എറിയാട് സര്‍വീസ് സഹകരണ ബാങ്കില്‍ പുരയിടവും വസ്തുവും ഈട് നല്‍കി റഹിം വായ്പയെടുത്തിരുന്നു. തിരിച്ചടവ് ഗഡു മുടങ്ങിയതോടെ വീടും പുരയിടവും ജപ്തി ഭീഷണിയിലാണ്. അതിനിടയിലാണ് ഭീകരബന്ധം ആരോപിച്ചുള്ള അറസ്റ്റ്.

Similar Articles

Comments

Advertisment

Most Popular

കോവിഡ് വര്‍ധിക്കാന്‍ കാരണം റെയില്‍വേ; ഓടിക്കുന്നത് കൊറോണ എക്‌സ്പ്രസ്..!!!

പശ്ചിമ ബംഗാളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. റെയില്‍വേ ഓടിക്കുന്നത് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളെല്ലെന്നും 'കൊറോണ എക്‌സ്പ്രസ് ട്രെയിനുകള്‍' ആണെന്നും മമത പറഞ്ഞു. ശ്രമിക് സ്‌പെഷ്യല്‍...

കണ്ണൂരില്‍ സമ്പര്‍ക്കം മൂലം രോഗവ്യാപനമുണ്ടാകുന്നതിന്റെ തോത് ഇരട്ടിയാണ്; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : രോഗം അധികരിക്കുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കം മൂലം രോഗവ്യാപനമുണ്ടാകുന്നതിന്റെ തോത് കൂടുതലാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10...

31, ജൂണ്‍ ഒന്ന് ഡ്രൈ ഡേ…പോരായ്മകള്‍ പരിഹരിച്ച് ചൊവാഴ്ച മുതല്‍ ആപ്പ്

തിരുവനന്തപുരം: വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബവ് ക്യൂ മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സംസ്ഥാന ബവ്‌റിജസ് കോര്‍പറേഷനില്‍ നിന്നും...