മധ്യസ്ഥത വഹിക്കാം, മറ്റുസഹായങ്ങള്‍ ചെയ്യാം; കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് ആവര്‍ത്തിച്ച് ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നത്. അത് കൊണ്ട് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങള്‍ക്കോ ഞാന്‍ പരമാവധി ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് രംഗത്തെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ അയവ് വരുത്തേണ്ട ആവശ്യകത യുഎസ് പ്രസിഡന്റ് ബോധ്യപ്പെടുത്തി.

ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട ഉഭയകക്ഷി തര്‍ക്കം മാത്രമാണ് കശ്മീരെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രം സഹായത്തിന് യുഎസ് പ്രസിഡന്റ് തയ്യാറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അമേരിക്കയ്ക്ക് ദീര്‍ഘകാല താത്പര്യമുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിശദീകരിച്ചു.

കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമാണ് എക്കാലത്തും ഇന്ത്യയുടെ ഉറച്ച നിലപാട്.

എന്നാല്‍ ഇതിന് വിരുദ്ധമായി മധ്യസ്ഥത വഹിക്കാമെന്നുള്ള ട്രംപിന്റെ പ്രസ്താവനകള്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതിന് വിശദീകരണവുമായിട്ടാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് രംഗത്തെത്തിയിരിക്കുന്നത്.

ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ട്രംപുമായി മോദി കൂടിക്കാഴ്ച നടത്താനിടയുള്ള സാഹചര്യത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം ഏറെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular