മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ്; ജഡേജയും സിന്ധുവും സായിയും പട്ടികയില്‍

ന്യൂഡല്‍ഹി: മലയാളി അത്ലറ്റ് മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഫുട്ബോള്‍ താരം ഗുര്‍പ്രീത് സിങ് സന്ധു, ബാഡ്മിന്റണ്‍ താരം സായി പ്രണീത് എന്നിവര്‍ അടക്കം പത്തൊന്‍പത് കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. അര്‍ജുന അവാര്‍ഡിന് ശുപാര്‍ ചെയ്യപ്പെട്ട ഏക മലയാളിയാണ് അനസ്. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളിയായ മുന്‍ ഹോക്കിതാരം മാന്വല്‍ ഫ്രെഡ്രിക്സിനെ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അരുപ് ബസക്ക് (ടേബിള്‍ ടെന്നിസ്), മനോജ് കുമാര്‍ (ഗുസ്തി), നിതിന്‍ കീര്‍ത്തനെ (ടേബിള്‍ ടെന്നിസ്), ലാല്‍രെമസാംഗ (അമ്പെയ്ത്ത്) എന്നിവരെയും ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു.

ഗുസ്തിതാരം ബജ്രംഗ് പൂനിയയെയും പാര അത്ലറ്റ് ദീപ മാലിക്കിനെയും പരമോന്നത കായിക പുരസ്‌കാരമായ രാജീവ്ഗാന്ധി ഖേല്‍ രത്നയ്ക്ക് ശുപാര്‍ശ ചെയ്തു. വിമല്‍കുമാര്‍ (ബാസഡ്മിന്റണ്‍), സന്ദീപ് ഗുപ്ത (ടേബിള്‍ ടെന്നിസ്), മൊഹീന്ദര്‍ സിങ് ധില്ലണ്‍ (അത്ലറ്റിക്സ്) എന്നിവരെ പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡിനും ആജീവനാന്ത സേവനത്തിനുള്ള പുരസ്‌കാരത്തിന് മെര്‍സബാന്‍ പട്ടേല്‍ (ഹോക്കി), രാംബിര്‍ സിങ് കൊഖുര്‍ (കബഡി), സഞ്ജയ് ഭരദ്വാജ് (ക്രിക്കറ്റ്) എന്നിവരെയും ശുപാര്‍ ചെയ്തു.

നിലവില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോഡിന് ഉടമയാണ് ഗുരുവായൂര്‍ സ്വദേശിയായ അനസ്. ജക്കാര്‍ ഏഷ്യന്‍സ് ഗെയിംസില്‍ മൂന്ന് വെള്ളിയും ഗുവാഹട്ടി സാഫ് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണവും നേടിയിട്ടുണ്ട്.

അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെട്ടവര്‍:

ഷോട്ട്പുട്ട് താരം തേജീന്ദര്‍ തൂര്‍, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, വനിതാ ക്രിക്കറ്റ് താരം പൂനം യാദവ്, എസ്.ഭാസ്‌കരന്‍ (ശരീരസൗന്ദര്യം), സോണിയാ ലാത്തര്‍ (ബോക്സിങ്), ചിറ്റ്ലെന്‍സാന സിങ് കാംഗുജാം (ഹോക്കി), അജയ് താക്കൂര്‍ (കബഡി), ഗൗരവ് ഗില്‍ (മോട്ടോര്‍ സ്പോര്‍ട്സ്), പ്രമോദ് ഭഗത് (പാര സ്പോര്‍ട്സ്, ബാഡ്മിന്റണ്‍), അഞ്ജും മുഗ്ദില്‍ (ഷൂട്ടിങ്), ഹര്‍മീത് രാജുല്‍ ദേശായി (ടേബിള്‍ ടെന്നിസ്), പൂജ ധാന്‍ഡ (ഗുസ്തി), ഫൗദ് മിര്‍സ (അശ്വാഭ്യാസം), സ്വപ്നം ബര്‍മന്‍ (അത്ലറ്റിക്സ്), സുന്ദര്‍ സിങ് ഗുര്‍ജര്‍ (പാര സ്പോര്‍ട്സ്, അത്ലറ്റിക്സ്), സായി പ്രണീത് (ബാഡ്മിന്റണ്‍), സിമ്രാന്‍ സിങ് ഷെര്‍ഗില്‍ (പോളോ).

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ, മലയാളി ലോംഗ് ജംപര്‍ അഞ്ജു ബോബി ജോര്‍ജ്, മുന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ അഞ്ജും ചോപ്ര എന്നീ കായികതാരങ്ങളും സുപ്രീം കോടതി റിട്ട ജഡ്ജ്, ജസ്റ്റിസ് മുകുന്ദകം ശര്‍മ, കേന്ദ്ര സ്പോര്‍ട്സ് സെക്രട്ടറി രാധേശ്യാം ജുലാനിയ, സായി ഡയറക്ടര്‍ സന്ദീപ് പ്രധാന്‍, ടാര്‍ജറ്റ് ഒളിമ്പി്ക പോഡിയം സ്‌കീം സി.ഇ.ഒ രാജേഷ് രാജഗോപാല്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡിന് പരിഗണിക്കേണ്ട താരങ്ങളെ തിരഞ്ഞെടുത്തത്. പന്ത്രണ്ടംഗ സമിതില്‍ നിന്ന് നേരത്തെ ബോക്സിങ് താരം മേരി കോം രാജിവച്ചിരുന്നു. തന്റെ പരിശീലകന്‍ ചോട്ടെ ലാല്‍ യാദവിനെ പേര് ദ്രോണാചാര്യ പുരസ്‌കാരത്തിന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് ഒളിമ്പിക് മെഡല്‍ ജേതാവായ മേരി രാജിവച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular