രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 59 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. 280 വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ സ്‌കോറിങില്‍ കോലി ബാറ്റുമായി തിളങ്ങിയപ്പോള്‍ ഭുവനേശ്വര്‍കുമാര്‍ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകളും നേടി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിതഓവറില്‍ ഏഴ് വിക്കറ്റില്‍ 279 റണ്‍സായിരുന്നു സമ്പാദ്യം.

മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സെഞ്ചുറി നേടി. 112 പന്തില്‍ നിന്നാണ് കോലി സെഞ്ചുറി തികച്ചത്. കോലിയുടെ ഏകദിന കരിയറിലെ 42-ാം സെഞ്ചുറിയാണിത്. 125 പന്തില്‍ ഒരു സിക്സും 14 ബൗണ്ടറിയുമടക്കം 120 റണ്‍സെടുത്ത കോലിയെ കാര്‍ലോസ് ബ്രാത്വെയ്റ്റാണ് പുറത്താക്കിയത്.

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ 26 വര്‍ഷം പഴക്കമുള്ള മിയാന്‍ദാദിന്റെ റെക്കോഡ് കോലി മറികടന്നുവെന്നുള്ളതും ഇന്ത്യയുടെ വിജയത്തിന് മാറ്റ് കൂട്ടുകയാണ്.

ഇന്ത്യയുടെ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (2), രോഹിത് ശര്‍മ (18), ഋഷഭ് പന്ത് (20), അര്‍ധ സെഞ്ചുറി നേടിയശ്രേയസ് അയ്യര്‍ (71), കേദാര്‍ ജാദവ് (16),ഭുവനേശ്വര്‍ കുമാര്‍(1)എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മുഹമ്മദ് ഷമി(3), രവീന്ദ്ര ജഡേജ(16)എന്നിവര്‍ അവസാന ഓവറില്‍ പുറത്താകാതെ നിന്നു.

വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ്(65) അര്‍ധസെഞ്ച്വറി നേടി. ക്രിസ് ഗെയ്ല്‍(11) ഷായ് ഹോപ്പ്(5) ഷിംറോണ്‍ ഹെറ്റ്മയര്‍(18) നിക്കോളാസ് പുരാന്‍(42) റോസ്റ്റണ്‍ ചെയ്‌സ്(18)ഷെല്‍ഡണ്‍ കോട്രെല്‍(17) റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.കാര്‍ലോസ് ബ്രാത്വെയ്റ്റ്, കെമാര്‍ റോച്ച് ഒഷെയ്ന്‍ തോമസ് എന്നിവര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. ജേസണ്‍ ഹോള്‍ഡര്‍(13) റണ്‍സുമായി പുറത്താകാതെ നിന്നു.

ഇടക്ക് മഴ മൂലം രണ്ട് തവണ കളി തടസപ്പെട്ടെങ്കിലും പുനരാരംഭിച്ചു. നേരത്തെ പരമ്പരയിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

SHARE