ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; ജയിലില്‍ പ്രവേശിപ്പിച്ചില്ല; ആശുപത്രിയിലേക്ക് മാറ്റി

ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; ജയിലില്‍ പ്രവേശിപ്പിച്ചില്ല; ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റി. മദ്യപിച്ച് അമിതവേഗത്തില്‍ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ കേസില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥനെ കോടതി 14 ദിവസക്കേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, അപകടത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാമിനെ ഇന്നാണ് അവിടെനിന്ന് പോലീസ് മാറ്റിയത്.

മുഖം മറച്ച് സ്ട്രെച്ചറില്‍ ആംബിലന്‍സില്‍ കയറ്റിയാണ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍നിന്ന് മാറ്റിയത്. മെഡിക്കല്‍ കോളേജിലേക്കാണ് പോലീസ് കൊണ്ടുപോകുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. അതിനിടെ ആംബുലന്‍സ് മജിസ്ട്രേട്ടിന്റെ വസതിക്ക് മുന്നിലെത്തി. ആംബുലന്‍സിന് അടുത്തെത്തി ആരോഗ്യസ്ഥിതി ആരാഞ്ഞ മജിസ്ട്രേട്ട് ശ്രീറാമിനെ ജില്ലാ ജയിലിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സില്‍ ജില്ലാ ജയിലിന് മുന്നിലെത്തിച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂറോളം ശ്രീറാമിന് ജയിലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിനുള്ളില്‍ ചിലവഴിക്കേണ്ടിവന്നു.

ഇതിനിടെ ജയിലിലെ ഡോക്ടര്‍ അദ്ദേഹത്തെ പരിശോധിച്ചു. ജയില്‍ സുപ്രണ്ടും ആംബുലന്‍സിന് അടുത്തെത്തി ആരോഗ്യ വിവരം ആരാഞ്ഞു. ഇതിനുശേഷം രാത്രി 8.30ഓടെയാണ് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് നീങ്ങിയത്.

മജസ്ട്രേറ്റ് ഉത്തരവിട്ടിട്ടും ജയിലില്‍ പ്രവേശിപ്പിച്ചില്ല

തിരുവനന്തപുരം: കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ജയിലിലില്‍ പ്രവേശിപ്പിക്കുന്നതില്‍ അവ്യക്തത. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റാന്‍ മജസ്ട്രേറ്റ് ഉത്തരവിട്ടിട്ടും ജയിലില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നു. മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പൂജപ്പുര ജില്ലാ ജയിലില്‍ എത്തിച്ചെങ്കിലും തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് ശ്രീറാം അറിയിച്ചതോടെയാണ് ജയിലിനുള്ളില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായത്.

സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത് വിവാദമായ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായിരുന്നു ആദ്യ ധാരണ. എന്നാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതോടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് ജില്ലാ ജയിലിലേക്ക് മാറ്റാനായിരുന്നു അദ്ദേഹം ഉത്തരവിട്ടത്.

കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ ജയിലിലേക്ക് മാറ്റാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. അതേസമയം ശ്രീറാമിന്റെ വാദം പരിഗണിച്ച് ജയില്‍ സൂപ്രണ്ടിന് വേണമെങ്കില്‍ ഇദ്ദേഹത്തിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമെടുക്കാം. അങ്ങനെയെങ്കില്‍ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റിയേക്കും. സെന്‍ട്രല്‍ ജയിലിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷമാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.

കേസിന്റെ തുടക്കം മുതല്‍ തന്നെ ശ്രീറാം വെങ്കിട്ട രാമനെ സഹായകരമാകുന്ന നിലയില്‍ പോലീസും അധികൃതരും പെരുമാറിയിരുന്നു. മദ്യപിച്ചെന്ന സംശയമുണ്ടായിട്ടും രക്ത പരിശോധന നടത്താത്തത്, സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ വഴിയൊരുക്കിയത്, റിമാന്‍ഡ് ചെയ്തിട്ടും അനധികൃത സൗകര്യങ്ങള്‍ ലഭിക്കാന്‍അവസരമൊരുക്കിയത് തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

ഇതിന് പുറമെയാണ് ജയിലില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തിലും നാടകം തുടരുന്നത്. മജിസ്ട്രേറ്റിന്റെ ഉത്തരവുമായി ശ്രീറാമിനെ ആംബുലന്‍സില്‍ എത്തിച്ചിട്ടും ഒരു മണിക്കൂറോളം പോലീസിനൊപ്പം ആംബുലന്‍സില്‍ തുടരുകയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഡോക്ടറെത്തി പരിശോധിച്ചതിന് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നീക്കം നടക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular