കര്‍ഷകന് 28.5 കോടിയുടെ അബുദാബി ലോട്ടറി; ടിക്കറ്റെടുത്തത് നാട്ടിലുള്ള ഭാര്യയില്‍ നിന്ന് കടംവാങ്ങി

ഭാര്യയില്‍നിന്ന് കടംവാങ്ങിയ പണത്തിന് ലോട്ടറി ടിക്കറ്റെടുത്ത ഹൈദരാബാദിലെ കര്‍ഷകന് അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ 28 കോടി രൂപയുടെ സമ്മാനം. ഹൈദരാബാദിലെ നെല്‍കര്‍ഷകനും മുന്‍പ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിലാസ് റിക്കാലയുടെ പേരിലെടുത്ത 223805 എന്ന നമ്പര്‍ ടിക്കറ്റിനാണ് 15 ദശലക്ഷം ദിര്‍ഹം(ഏകദേശം 28.5 കോടിയോളം രൂപ) സമ്മാനം ലഭിച്ചത്.

നേരത്തെ ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിലാസ് റിക്കാല പുതിയ ജോലി കിട്ടാത്തതിനാല്‍ ഒന്നരമാസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് കഴിഞ്ഞദിവസം 28 കോടി ലഭിച്ചത്.

യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന സമയം ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ നറുക്കെടുപ്പിന്റേത് അടക്കം സ്ഥിരമായി ടിക്കറ്റുകള്‍ എടുത്തിരുന്നുവെന്ന് വിലാസ് റിക്കാല പറഞ്ഞു. എന്നാല്‍ ഭാഗ്യം കടാക്ഷിച്ചിരുന്നില്ല. ഇതിനിടെയാണ് നാട്ടിലെത്തിയപ്പോള്‍ ഭാര്യയുടെ കൈയില്‍നിന്ന് 20000 രൂപ കടംവാങ്ങി അബുദാബിയിലെ സുഹൃത്ത് വഴി മൂന്നു ടിക്കറ്റുകളെടുത്തത്. ഇതിലൊന്നിനാണ് 28 കോടി രൂപ സമ്മാനം ലഭിച്ചത്.

കഴിഞ്ഞദിവസം നടന്ന ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ എട്ട് സമ്മാനങ്ങളില്‍ പകുതിയും ഇന്ത്യക്കാര്‍ക്കാണ്. ശരത് തളിയില്‍ ഉദയകൃഷ്ണന്‍ ( 90,000 ദിര്‍ഹം), സൗമ്യ തോമസ് ( 70,000 ദിര്‍ഹം), അലോക ഷെട്ടി ( 50,000), ഡാനിസ് ലസ്‌റാഡോ ( 20,000) എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാര്‍.

കഴിഞ്ഞ മാസത്തെ 12 ദശലക്ഷം ദിര്‍ഹത്തിന്റെ ബിഗ് ടിക്കറ്റ് സമ്മാനം നേടിയ മലയാളി സ്വപ്നാ നായര്‍ ശനിയാഴ്ചത്തെ പുതിയ നറുക്കെടുപ്പിലെ വേദിയിലെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular