തേങ്ങയും വെളിച്ചണ്ണയും സ്‌ഫോടകവസ്തു ലിസ്റ്റില്‍നിന്ന് എയര്‍ ഇന്ത്യ ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: തേങ്ങയും വെളിച്ചെണ്ണയും സ്‌ഫോടകവസ്തുക്കളുടെ പട്ടികയില്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ നടപടി പരിശോധിച്ചു തിരുത്താമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി.

കെ. മുരളീധരന്‍ എം.പി.യുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ്. ജൂണ്‍ 29-ന് കോഴിക്കോട്-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനെത്തിയ മലയാളികള്‍ക്ക് തേങ്ങയും വെളിച്ചെണ്ണയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ടിവന്നതിനെക്കുറിച്ച് വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് മുരളീധരന്റെ ഇടപെടല്‍.

ഇങ്ങനെയൊരു വിലക്കിനെക്കുറിച്ച് അറിവില്ലെന്ന് മന്ത്രി പ്രതികരിച്ചപ്പോള്‍ തേങ്ങ വിലക്കിക്കൊണ്ടുള്ള എയര്‍ ഇന്ത്യയുടെ ഉത്തരവ് എം.പി. അദ്ദേഹത്തിനു കൈമാറി. തുടര്‍ന്ന്, മലയാളികളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഉടന്‍ ഇടപെടാമെന്നു വ്യോമയാനമന്ത്രി അറിയിച്ചു.

രാജ്യമെമ്പാടും ഭക്ഷിക്കുന്നതാണ് തേങ്ങയെന്ന് മന്ത്രിക്കു നല്‍കിയ കത്തില്‍ എം.പി. ചൂണ്ടിക്കാട്ടി. ഉത്സവ-വിശ്വാസച്ചടങ്ങുകളിലും സാംസ്‌കാരിക പരിപാടികളിലുമൊക്കെ ഒഴിച്ചുകൂടാനാവാത്തതുമാണ്. പൊതുവായി ഉപയോഗിക്കുന്ന ഫലവര്‍ഗങ്ങളും സ്‌ഫോടകവസ്തുവും വിമാനത്താവളത്തിലെ സുരക്ഷാസംവിധാനത്തില്‍ വേര്‍തിരിച്ചറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല. സ്‌ഫോടകവസ്തു പട്ടികയില്‍നിന്നു തേങ്ങ ഒഴിവാക്കാന്‍ ചരക്കുഗതാഗത സര്‍വീസിലെ ജനറല്‍ മാനേജര്‍ക്കു നിര്‍ദേശം നല്‍കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

വിമാനത്തില്‍ കൊണ്ടുപോവാന്‍ വിലക്കുള്ള വസ്തുക്കളുടെ പട്ടികയില്‍ തേങ്ങയും വെളിച്ചെണ്ണയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന വിശദീകരണം. തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നിലവില്‍ കൊപ്ര വിമാനങ്ങളില്‍ അനുവദനീയമല്ല. എന്നാല്‍, കൊപ്രയ്‌ക്കൊപ്പം തേങ്ങയും സ്‌ഫോടകവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യ ജൂണില്‍ ഉത്തരവിറക്കുകയായിരുന്നു.

നേരത്തേ, തേങ്ങയും വെളിച്ചെണ്ണയും കൈയില്‍ പിടിക്കുന്ന ബാഗില്‍ അനുവദിക്കാറില്ലെങ്കിലും ബാഗേജില്‍ വിലക്കിയിരുന്നില്ല. ഇക്കാര്യം യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. സ്വകാര്യ വിമാനസര്‍വീസുകള്‍ അനുവദിച്ചിരിക്കേ എയര്‍ ഇന്ത്യയില്‍ മാത്രം വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ച് വിശദീകരണവും നല്‍കിയില്ല.

Similar Articles

Comments

Advertismentspot_img

Most Popular