ചരക്കുകപ്പലിലെ ജീവനക്കാര്‍ക്കൊപ്പം വേഷംമാറി എത്തി; മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ: കടല്‍മാര്‍ഗം ഇന്ത്യയിലെത്താന്‍ ശ്രമിച്ച മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുല്‍ ഗഫൂര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായി. ചരക്കുകപ്പലിലെ ജീവനക്കാര്‍ക്കൊപ്പം വേഷംമാറി എത്തിയ അദീബനെ തൂത്തുക്കുടിയിലാണ് അറസ്റ്റുചെയ്തത്. മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണ നേരിടുന്നയാളാണ് അദീബ്. ടഗ് ബോട്ടില്‍ ക്രൂ അംഗമെന്നനിലയില്‍ നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു അദീബ്. വ്യക്തമായ യാത്രാരേഖകളില്ലാത്ത അദീബിന് ഇന്ത്യയിലേക്ക് വരാനുള്ള അനുമതിയില്ല. വിദേശികള്‍ക്കായുള്ള പ്രത്യേക എന്‍ട്രി പോയന്റില്‍ യാത്രാരേഖകള്‍ നിര്‍ബന്ധമാണെന്നും അദീബ് ഈ രണ്ടു നിയമങ്ങളും പാലിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ പോലീസും കസ്റ്റംസും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മാലദ്വീപ് അധികൃതര്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അദീബ് അറസ്റ്റിലായതിന്റെ ദൃശ്യം മാലദ്വീപ് സര്‍ക്കാരിന് ഒരു ദൃക്സാക്ഷിയാണ് പങ്കുവെച്ചത്. കന്യക 9 ടഗ് ബോട്ടിലെ ക്രൂ അംഗമെന്ന വ്യാജേനയാണ് അദീബ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പോലീസാണ് പിടികൂടിയത്. അറസ്റ്റിലായ അദീബിനെ കേന്ദ്ര സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തുവരുകയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ മാലദ്വീപ് സര്‍ക്കാരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു. ഒമ്പതു ക്രൂ അംഗങ്ങളുള്ള കപ്പലിന് തൂത്തുക്കുടിയില്‍ നങ്കൂരമിടാന്‍ അനുമതിയുണ്ടോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്. 2016-ല്‍ മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീനെ ബോട്ടില്‍ സ്‌ഫോടനം നടത്തി വധിക്കാന്‍ ശ്രമിച്ചതിന് അദീബിന് 15 വര്‍ഷം തടവുവിധിച്ചിരുന്നു. അബ്ദുള്ള യമീന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, മൂന്നുവര്‍ഷത്തെ ശിക്ഷാകാലാവധിക്കുശേഷം കഴിഞ്ഞ നവംബറില്‍ അദീബിനെ വീട്ടുതടങ്കലിലേക്ക് മാറ്റി. ഭീകരത, അഴിമതി എന്നീ കുറ്റങ്ങള്‍ക്ക് 33 വര്‍ഷത്തെ ജയില്‍ശിക്ഷ അപ്പീല്‍ കോടതികള്‍ റദ്ദാക്കിയിരുന്നെങ്കിലും ഇതിനെ ചോദ്യംചെയ്ത് പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫീസ് അപ്പീല്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ അവസാനത്തില്‍ സുപ്രീംകോടതി അദീബിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular