രാവണന്‍ ആദ്യ വൈമാനികന്‍; 5000 വര്‍ഷം മുമ്പ് പറന്നത് തെളിയിക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

ബെംഗളൂരു: ലോകത്തിലെ ആദ്യ വൈമാനികന്‍ രാവണനാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. 5000 വര്‍ഷം മുമ്പ് നടന്ന രാവണന്റെ പറക്കലിനെക്കുറിച്ചും ആ പറക്കല്‍ രീതിയെക്കുറിച്ചും പഠനം നടത്താന്‍ സിവില്‍ വ്യോമയാന അതോറിറ്റിയാണ് തീരുമാനിച്ചിരിക്കുന്നത്. വിമാനം പറത്തിയ ആദ്യത്തെ വൈമാനികന്‍ രാവണനാണ്. ഇത് തെളിയിക്കാനുള്ള രേഖകളും തെളിവുകളുമുണ്ടെന്ന് അതോറ്റിയുടെ വൈസ് ചെയര്‍മാന്‍ ശശി ദനതുംഗെ ന്യൂസ് 18 നോട് പ്രതികരിച്ചു.

‘രാവണന്‍ പ്രതിഭാശാലിയായിരുന്നു. അദ്ദേഹമാണ് ആദ്യമായി പറന്ന വ്യക്തി. വൈമാനികനായിരുന്നു. ഇത് പുരാണകഥയല്ല. ഇത് യാഥാര്‍ഥ്യമാണ്. ഇതിനെക്കുറിച്ച് വിശദമായ ഗവേഷണം തന്നെ ആവശ്യമുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇക്കാര്യം തെളിയിച്ചിരിക്കും’-ദനതുംഗെ അവകാശപ്പെട്ടു.

ശ്രീലങ്കയിലെ ഏറ്റവും വലിയ വിമാനത്താവളമായ ബന്ദാരനായകെ വിമാനത്താവളം സ്ഥിതി ചെയ്യുന്ന കാട്ടുണായകയില്‍ സിവില്‍ വ്യോമയാന വിദഗ്ധരും, ചരിത്രകാരന്മാരും, പുരാവസ്തുഗവേഷകരും, ശാസ്ത്രജ്ഞരും, ജിയോളജിസ്റ്റുകളും പങ്കെടുത്ത കോണ്‍ഫറന്‍സ് നടന്നു. ഈ യോഗമാണ് 5000 വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് രാവണന്‍ പറന്നുവെന്നും തിരിച്ചെത്തിയെന്നുമുള്ള നിഗമനത്തിലെത്തിയത്.

എന്നാല്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോയി എന്ന വിശ്വാസം ഈ യോഗത്തില്‍ പങ്കെടുത്തവര്‍ തള്ളുകയും രാവണന്‍ കുലീനനായ രാജാവാണെന്നും അഭിപ്രായപ്പെട്ടു. അടുത്തിടെയാണ് ശ്രീലങ്ക രാവണ എന്ന പേരില്‍ ഉപഗ്രഹം വിക്ഷേപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular