ലോകകപ്പ് തോല്‍വിയെക്കുറിച്ച് ഇന്ത്യന്‍ ടീമിനോട് വിശദീകരണം തേടിയില്ല; കോലിയും രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതയിലാണെന്ന വാര്‍ത്തയിലും വിശദീകരണം

മുംബൈ: നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബിസിസിഐയുടെ താല്‍ക്കാലിക അധ്യക്ഷന്‍ വിനോദ് റായ്. ലോകകപ്പ് തോല്‍വിയെക്കുറിച്ച് ഇന്ത്യന്‍ ടീമിനോട് വിശദീകരണം തേടില്ലെന്നും വിനോദ് റായ് പറഞ്ഞു.
കിരീടസാധ്യതയില്‍ ഏറെ മുന്നിലുണ്ടായിരുന്ന ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് നായകന്‍ രവി ശാസ്ത്രി, നായകന്‍ വിരാട് കോലി എന്നിവരോട് തോല്‍വിയെക്കുറിച്ച് ബിസിസിഐ വിശദീകരണം തേടുമെന്ന വാര്‍ത്തകള്‍ വന്നത്. വിന്‍ഡീസ് പര്യടനത്തിന് മുന്‍പ് കോച്ചിനോടും നായകനോടും വിശദീകരണം തേടാന്‍ സമയം ഇല്ലെന്നും ടൂര്‍ണമെന്റിന് ശേഷം സമര്‍പ്പിക്കേണ്ട പതിവ് റിപ്പോര്‍ട്ട് ടീം മാനേജ്മെന്റ് ഇതുവരെ നല്‍കിയിട്ടില്ലെന്നും ബിസിസിഐയുടെ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് പറഞ്ഞു. തിങ്കളാഴ്ചയാണ് ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിനായി പുറപ്പെടുക.
ഇന്ത്യന്‍ ടീമില്‍ നായകന്‍ കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതയാണെന്ന വാര്‍ത്തകളും ബിസിസിഐ നിരസിച്ചു. ടീമില്‍ വിഭാഗീയതയില്ല. കളിക്കാരോ പരിശീലകരോ ഇതേക്കുറിച്ച് സൂചനപോലും നല്‍കിയിട്ടില്ല. ആരുടെയോ ഭാവനയില്‍ ഉണ്ടായ കാര്യമാണ് ഇതെന്നും വിനോദ് റായ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular