മോദിയുടെ ഇരുട്ടടി..!!! 600 രൂപയില്‍ നിന്ന് 10000 രൂപയിലേക്ക്; വാഹന രജിസ്‌ട്രേഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന രജിസ്ട്രേഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് രജിസ്ട്രേഷന്‍ ചാര്‍ജ് 5000 രൂപ ആക്കി ഉയര്‍ത്തും. രജിസട്രേഷന്‍ പുതുക്കാന്‍ 10000 രൂപയും. നിലവില്‍ ഇത് രണ്ടിനും 600 രൂപ മാത്രമാണ് ചാര്‍ജ് ഈടാക്കിയിരുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് നേരത്തെ 50 രൂപയുണ്ടായിരുന്ന രജിസ്ട്രേഷന്‍ ചാര്‍ജ് പുതിയ വാഹനങ്ങള്‍ക്ക് 1000 രൂപയാക്കിയും പഴയത് പുതുക്കാന്‍ 2000 രൂപയാക്കിയും ഉയര്‍ത്താനാണ് കരട് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുള്ളത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നീക്കം. കാലപ്പഴക്കമുള്ള ഇന്ധനവാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിവാക്കാനും പെട്രോള്‍-ഡീസല്‍ വാഹന വില്‍പന കുറയ്ക്കാനുമാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.

കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ചാര്‍ജും ഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. പുതിയ കാബുകള്‍ക്ക് 10000 രൂപയും പുതുക്കാന്‍ 20000 രൂപയും ഈടാക്കും. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ രജിസ്ട്രേഷന്‍ ചാര്‍ജ് 5000 രൂപയില്‍ നിന്ന് 40,000 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും അടയ്ക്കേണ്ടി വരും, നിലവില്‍ ഇത് 2500 രൂപയാണ്.

കരട് വിജ്ഞാപനത്തിലെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത 40-45 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ ഫീസ് ഘടന രൂപപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന വില്‍പന പ്രോത്സാഹിപ്പിക്കാന്‍ ഇലക്ട്രിക്കിന്റെ രജിസ്ട്രേഷന്‍ ചാര്‍ജ് കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് വിജ്ഞാപനം നേരത്തെ ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. പഴയ വാഹനങ്ങള്‍ പൊളിച്ച ശേഷം പുതിയ ഇലക്ട്രിക് കാര്‍ വാങ്ങുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ചാര്‍ജില്‍ ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിലുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular