കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി; മഴ തുടരും; കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ചയും (ജൂലൈ 23) അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

അതിനിടെ സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. വ്യാഴാഴ്ച വരെ ഇത് തുടരാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

കാസര്‍കോട് വെള്ളരിക്കുണ്ട് കനകപ്പള്ളിയില്‍ വീടിനു മുകളില്‍ മരംവീണ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാസര്‍കോട് കാക്കടവ് ചെക്ക്ഡാമിന് സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്നു. കനത്ത മഴയില്‍ കാലടി യോര്‍ദനാപുരം മഠത്തിപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ വീട് തകര്‍ന്നു.

പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. ആലപ്പുഴയില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നവരുടെ എണ്ണം 225 ആയി. കടല്‍ക്ഷോഭം രൂക്ഷമായ ആറാട്ടുപുഴയിലും കാട്ടൂരുമാണ് ക്യാംപുകള്‍ തുറന്നത്.

Similar Articles

Comments

Advertismentspot_img

Most Popular