ഇനി കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ എളുപ്പം; പുതിയ നിയമം ഇങ്ങനെ…!!! ആവശ്യമായ രേഖകള്‍ ഇതാണ്…

യു.എ.ഇ.യില്‍ കുടുംബത്തെ കൊണ്ടുവരാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമം പരിഷ്‌കരിച്ചു. പുതിയ നിയമപ്രകാരം എല്ലാ തൊഴില്‍ മേഖലയിലുള്ളവര്‍ക്കും കുടുംബത്തെ യു.എ.ഇ.യില്‍ താമസവിസയില്‍ കൊണ്ടുവരാം. ശമ്പളം 4000 ദിര്‍ഹമോ അല്ലെങ്കില്‍ 3000 ദിര്‍ഹവും താമസസൗകര്യമോ ഉണ്ടായാല്‍ മതി. യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം പ്രഖ്യാപിച്ചത്. ജൂലായ് 14-ന് പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.

താമസവിസയില്‍ കുടുംബത്തെ യു.എ.ഇ.യില്‍ കൊണ്ടുവരുന്നത് വലിയ കടമ്പയായിരുന്ന കാലമുണ്ടായിരുന്നു. ജോലിയുടെ പദവിക്കനുസരിച്ച് മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്. അതിനാല്‍ താഴേക്കിടയില്‍ ജോലിയെടുക്കുന്നവര്‍ക്ക് കുടുംബമായി യു.എ.ഇ.യില്‍ കഴിയുകയെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ജോലിയുടെ വകഭേദങ്ങള്‍ കുടുംബത്തെ താമസവിസയില്‍ യു.എ.ഇ.യില്‍ കൊണ്ടുവരുന്നതിന് ബുദ്ധിമുട്ടുണ്ടാക്കില്ല. പുതിയനിയമം പ്രവാസികളുടെ ജീവിതം യു.എ.ഇ.യില്‍ സുസ്ഥിരമാക്കാന്‍ ഏറെ സഹായകരമാകും.

പ്രത്യേകതകള്‍

* കുറഞ്ഞത് 4000 ദിര്‍ഹം ശമ്പളമുള്ളവര്‍ക്കാണ് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കുടുംബത്തെ കൊണ്ടുവരാനാകുന്നത്. അല്ലെങ്കില്‍ 3000 ദിര്‍ഹം ശമ്പളവും കമ്പനി നല്‍കുന്ന കുടുംബ താമസസൗകര്യവും വേണമെന്നാണ് നിബന്ധന. പുതിയ നിയമനുസരിച്ച് നിശ്ചിത വരുമാനമുള്ള ആര്‍ക്കും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അനുമതി ലഭിക്കും

* പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്നതിന് ഇനിമുതല്‍ വരുമാനമായിരിക്കും മാനദണ്ഡം. ഇതുവരെ പ്രവാസിയുടെ തൊഴിലായിരുന്നു അടിസ്ഥാനം

* കുടുംബമായി കഴിയുന്ന മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.

* എമിറേറ്റ്സ് ഐഡി, ജനസംഖ്യാ പട്ടികയടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളില്‍ ഇവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തും

* സ്‌പോണ്‍സറുടെ താമസവിസാ കാലാവധിയുള്ളകാലം വരെ ആശ്രിതര്‍ക്ക് യു.എ.ഇ.യില്‍ താമസിക്കാം

* വിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നിടും

വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

* വിവാഹ സര്‍ട്ടിഫിക്കറ്റ് (അറബിയിലേക്ക് മൊഴിമാറ്റം ചെയ്തത്)

* കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് (അറബിയിലേക്ക് മൊഴിമാറ്റം ചെയ്തത്)

* പൊതുമേഖലയിലുള്ളവരാണെകില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ്

* സ്വകാര്യമേഖലയിലുള്ളവര്‍ക്ക് തൊഴില്‍ രേഖയും മൂന്നുമാസത്തെ ശമ്പള സര്‍ട്ടിഫിക്കറ്റും

അപേക്ഷിക്കുന്നത് സ്ത്രീയാണെകില്‍

* ഭര്‍ത്താവില്‍നിന്നുള്ള എഴുതപ്പെട്ട അനുമതിപത്രം

* മരണസര്‍ട്ടിഫിക്കറ്റോ, വിവാഹമോചന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കി ഭര്‍ത്താവ് മരിച്ചവര്‍ക്കും വിവാഹമോചനം നേടിയ സ്ത്രീക്കും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം

* കുട്ടികളുണ്ടെങ്കില്‍ അവരുടെ രേഖകള്‍

SHARE