സ്ഥാനക്കയറ്റം, പുതിയ നിയമനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ഇതിന്റെ ഭാഗമായി കമ്പനിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നതും പുതിയ നിയമനങ്ങള്‍ നടത്തുന്നതും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.

സ്വകാര്യവത്കരണ നടപടികള്‍ നടക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളേണ്ടെന്നും എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഒരു തവണ എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വാങ്ങാന്‍ ഒരു കമ്പനിയും മുന്നോട്ടുവന്നില്ല. 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടം. 2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 7600 കോടി രൂപയാണ്.

എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സ്വകാര്യവത്കരിക്കുക അല്ലാതെ വേറെ വഴിയില്ലെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ബാലാകോട്ട് ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ വ്യോമപാത അടച്ചതോടെ എയര്‍ ഇന്ത്യക്ക് നഷ്ടം ഏകദേശം മുന്നൂറു കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വ്യോമപാത അടച്ചതോടെ ന്യൂഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതാണ് വന്‍തുക നഷ്ടം വരാന്‍ കാരണം. പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ടിലെ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി തുടങ്ങിയവ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു. ഇതിനു പിന്നാലെ ഫെബ്രുവരി അവസാനത്തോടെ പാകിസ്താന്‍ വ്യോമപാത അടയ്ക്കുകയായിരുന്നു.

അമേരിക്ക, ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകളെയാണ് പാകിസ്താന്റെ വ്യോമപാതാ നിയന്ത്രണം ബാധിച്ചിരിക്കുന്നത്. പ്രതിദിനം 350 വിമാന സര്‍വീസുകളെയാണ് പാകിസ്താന്റെ ഈ നടപടി ബാധിച്ചിരിക്കുന്നതെന്ന് വിമാനസര്‍വീസുകളെ നിരീക്ഷിക്കുന്ന ഒ പി എസ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാകിസ്താന്‍ വ്യോമപാത അടച്ചതോടെ ന്യൂഡല്‍ഹിയില്‍നിന്ന് അമേരിക്കയിലേക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് 2,3 മണിക്കൂറാണ് അധികം സഞ്ചരിക്കേണ്ടിവരുന്നത്. യൂറോപ്പിലേക്കുള്ള സര്‍വീസുകള്‍ക്കും രണ്ടുമണിക്കൂറോളം താമസം വരുന്നുണ്ട്. അധികദൂരം സഞ്ചരിക്കേണ്ടി വരുന്നതോടെ അധിക ഇന്ധനം, ക്യാബിന്‍ ജീവനക്കാര്‍, മറ്റു ചിലവുകള്‍ എന്നിങ്ങനെ പ്രതിദിനം ആറുകോടിയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്ക് വരുന്നത്. ഫെബ്രുവരി പതിനാലിന് പുല്‍വാമയില്‍ സി ആര്‍ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ബാലാകോട്ടിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തത്.

Similar Articles

Comments

Advertismentspot_img

Most Popular