എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ് തന്നെ കുത്തിയത്; യൂണിറ്റ് സെക്രട്ടറി നസീമും ഒപ്പമുണ്ടായിരുന്നു; കുത്തേറ്റ അഖിലിന്റെ മൊഴി ഇങ്ങനെ…

തിരുവനന്തപുരം: തന്നെ കത്തികൊണ്ട് കുത്തിയത് ശിവരഞ്ജിത്തെന്ന് യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖില്‍. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കാണ് അഖില്‍ ഇത്തരമൊരു മൊഴി നല്‍കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് അഖില്‍ ഇക്കാര്യങ്ങള്‍ ഡോക്ടറിനോട് പറഞ്ഞത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്നും ആ സമയത്ത് യൂണിറ്റ് സെക്രട്ടറിയായ നസീം തന്നെ കുത്തിയ ശിവരഞ്ജിത്തിനൊപ്പമുണ്ടായിരുന്നുവെന്നും അഖില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സമയത്ത് അഖിലിന്റെ ആരോഗ്യനില മോശമായിരുന്നു. എന്താണ് സംഭവിച്ചതെന്ന ഡോക്ടറുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ശിവരഞ്ജിത്തിന്റെയും നസീമിന്റെയും പങ്കിനെക്കുറിച്ച് അഖില്‍ പറഞ്ഞത്. അഖില്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഡോക്ടര്‍ പോലീസിന് കൈമാറി. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ പോലീസ് അനുമതി തേടിയിട്ടുണ്ട്. ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടാല്‍ മാത്രമേ മൊഴിയെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കു.

നിലവില്‍ ഒമ്പതോളം സാക്ഷികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് കേസെടുത്തിരിക്കുന്ന ഏഴ് പേരും എസ്എഫ്ഐ നേതാക്കളാണ്. കുത്തിയത് ശിവരഞ്ജിത്താണെന്നാണ് ദൃക്സാക്ഷികളും മൊഴി നല്‍കിയത്. ഇത് ശരിവയ്ക്കുന്ന അഖിലിന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

SHARE