സംസ്ഥാത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ

തെലുങ്കാന സര്‍ക്കാരില്‍ നിന്നും ഏറ്റവും മികച്ച റവന്യൂ ഉദ്യോഗസ്ഥയ്ക്കുളള പുരസ്‌ക്കാരം നേടിയ വനിതാഓഫീസറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തിയത് 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണ്ണവും. തെലുങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ കെഷംപേട്ട് തഹസീല്‍ദാര്‍ വി ലാവണ്യയുടെ ഹൈദരാബാദിലെ ഹയാത്നഗര്‍ വീട്ടില്‍ നിന്നുമാണ് എസിബി ടീം പണവും സ്വര്‍ണ്ണവും കണ്ടെത്തിയത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് രേഖകളിലെ പ്രശ്നം പരിഹരിക്കാന്‍ ഇവര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നില നില്‍ക്കേയായിരുന്നു വീട്ടില്‍ റെയ്ഡ് നടത്തിയത്. ഒരു കര്‍ഷകനില്‍ നിന്നും നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനായ അന്തയ്യയെ പിടികൂടിയതിന് പിന്നാലെയായിരുന്നു ലാവണ്യയുടെ വീട്ടിലും റെയ്ഡ് നടന്നത്. ലാവണ്യയ്ക്ക് അഞ്ചുലക്ഷവും അന്തയ്യായ്ക്ക് മൂന്ന് ലക്ഷവും ഉള്‍പ്പെടെ എട്ടു ലക്ഷം രൂപയാണ് കര്‍ഷകനോട് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും പണം കിട്ടിയതിന് തൊട്ടു പിന്നാലെ അന്തയ്യ ലാവണ്യയോട് വിവരം പറയുകയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

താന്‍ നല്‍കിയ അപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കര്‍ഷകന്‍ ലാവണ്യയുടെ കാലില്‍ വീഴുന്നതിന്റെ ദൃശ്യം നേരത്തേ വൈറലായിരുന്നു. 30,000 രൂപ നിക്ഷേപമുള്ള തന്റെ പാസ്ബുക്ക് മുന്നിലേക്ക് ഇട്ട് ഇതെടുത്ത് കാര്യം നടത്തിത്തരാന്‍ ഇയാള്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. തന്റെ ഭൂമിയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ രേഖകളില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയെന്നും ഇത് തിരുത്തിയെടുക്കാന്‍ ലക്ഷങ്ങളാണ് കൈക്കൂലി ചോദിച്ചതെന്നും ഇയാള്‍ അഴിമതി വിഭാഗത്തോട് പറഞ്ഞിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഏറ്റവും മികച്ച തഹസീല്‍ദാര്‍ക്കുള്ള തെലുങ്കാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം കിട്ടിയായാളാണ് ലാവണ്യ. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സൂപ്രണ്ടാണ് ഇവരുടെ ഭര്‍ത്താവ്.

Similar Articles

Comments

Advertismentspot_img

Most Popular