സിനിമാരംഗത്ത് ജഗതി സജീവമാകുന്നു; സിബിഐ അഞ്ചാം സീരീസില്‍ അഭിനയിക്കും

മലയാള സിനിമാ ആസ്വാദകര്‍ എന്നും ആഗ്രഹിക്കുന്ന കാര്യമാണ് ജഗതിയുടെ തിരിച്ചുവരവ്. അപകടത്തില്‍ പെട്ട് ഗുരുതര പരുക്കേറ്റ ജഗതി സിനിമയില്‍നിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുകയാണ്. മലയാള സിനിമയില്‍ ജഗതിയുടെ വിടവ് നികത്താന്‍ മറ്റൊരു പ്രതിഭയില്ല എന്നകാര്യം എല്ലാവര്‍ക്കും അറിയാം.

അതുകൊണ്ടുതന്നെ ജഗതിയുടെ തിരിച്ചുവരവാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. വര്‍ഷങ്ങളായി ഇതിനുവേണ്ടിയുള്ള കാത്തിരിപ്പും തുടരുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ജഗതി സിനിമയില്‍ സജീവമാകാന്‍ പോകുന്നു എന്നതാണ്.

അപകടത്തിന് ശേഷം ചെറിയ ചില പരിപാടികള്‍ക്കൊക്കെ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ജഗതി ഇതാ
എട്ട് വര്‍ഷത്തിനു ശേഷം വീണ്ടും സിനിമാരംഗത്ത് സജീവമാകുകയാണ്.

മകന്‍ രാജ് കുമാറിന്റെ പരസ്യ നിര്‍മ്മാണ കമ്പനി നിര്‍മ്മിച്ച പരസ്യ ചിത്രത്തിലൂടെയായിരുന്നു ജഗതി ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. കൂടാതെ ജഗതിയുടെ സുഹൃത്ത് ശരത്ത്ചന്ദ്രന്‍ നായര്‍ സംവിധാനം ചെയ്യുന്ന കബീറിന്റെ ദിനങ്ങളിലും ജഗതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏവരും കാത്തിരിക്കുന്ന സിബിഐ കുറിപ്പിന്റെ അഞ്ചാഭാഗത്തും ജഗതി അഭിനയിക്കുന്നു. ജഗതിയുടെ മകന്‍ രാജ് കുമാര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇനിയുള്ള കാലം ജഗതി സിനിമയില്‍ സജീവമാക്കാനാണ് തീരുമാനമെന്നും ഇദ്ദേഹം പറഞ്ഞു.

സിനിമയില്‍ തിരികെ കൊണ്ടു വരണമെന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. ഇതിലൂടെ പപ്പയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും രാജ് കുമാര്‍ പറഞ്ഞു.

SHARE