കസ്റ്റഡി മരണം ഒതുക്കാന്‍ സിപിഎം നീക്കം..!!! പ്രതിയുടെ ബന്ധുക്കളോട് രാത്രി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

കട്ടപ്പന: കസ്റ്റഡിയിലിരിക്കേ റിമാന്‍ഡ് പ്രതി മരിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാതിരിക്കാന്‍ നീക്കവുമായി സിപിഎം രംഗത്തെന്ന് റിപ്പോര്‍ട്ട്. പീരുമേട് സബജയിലില്‍ കഴിയുകയായിരുന്ന പ്രതി രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതികളുമായി മുന്നോട്ട് പോകരുതെന്ന് കുടുംബത്തിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനായി രാത്രി പ്രാദേശിക നേതാക്കള്‍ എത്തി രാജ്കുമാറിന്റെ അമ്മയും ഭാര്യയുമായി ചര്‍ച്ച നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

സിപിഎം ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം, വനിതാ പഞ്ചായത്തംഗം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഗമണ്ണിലെ രാജ്കുമാറിന്റെ വീട്ടില്‍ എത്തിയത്. പോലീസില്‍ പരാതിയുമായി പോയിട്ട് എന്തുകിട്ടാനാണെന്നും പാര്‍ട്ടി ഇടപെട്ടാല്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം വാങ്ങിനല്‍കാമെന്നും ഇവര്‍ ഉറപ്പു നല്‍കുകയായിരുന്നു. സര്‍ക്കാരിനെ വെട്ടിലാക്കുന്ന നീക്കങ്ങള്‍ നടത്തരുതെന്നുമാണ് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്കുമാറിന്റെ വീട്ടില്‍ നേതാക്കള്‍ വന്നതറിഞ്ഞ് നാട്ടുകാര്‍ കൂടിയതോടെ വീട്ടിലെ ചര്‍ച്ച അവസാനിപ്പിച്ച് ബന്ധുക്കളെ ഓട്ടോറിക്ഷയില്‍ കയറ്റി വാഗമണ്ണിലേക്ക് കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. ഇതിന് പുറമെ ഇയാളുടെ മകനുമായും പാര്‍ട്ടി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ രാജ്കുമാറിന്റെ പോസ്റ്റുമോര്‍ട്ടത്തിലും വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. രാജ്കുമാര്‍ നിമോണിയ ബാധിച്ചാണ് മരിച്ചതെന്നാണ് അസിസ്റ്റന്റ് പോലീസ് സര്‍ജന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കസ്റ്റഡി മരണം പോലുള്ള ഗൗരവമുള്ള വിഷയങ്ങള്‍ പോലീസ് സര്‍ജ്ജന്‍ ഉള്‍പ്പടെയുള്ള ഫോറന്‍സിക് സംഘം പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ചട്ടമുള്ളപ്പോഴാണ് ഇത്. ക്രൂരമായ മര്‍ദ്ദനം നടന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു.

ഗുരുതരമായ ആന്തരികമുറിവുകളുണ്ടായെന്നും ഇതേത്തുടര്‍ന്നുള്ള ന്യൂമോണിയ ആണ് മരണത്തിലേക്കു നയിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദനമാണ് പോലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ നേരിട്ടതെന്ന ആരോപണങ്ങള്‍ ശരിവക്കുന്ന തരത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ആന്തരിക രക്തസ്രാവം ഉണ്ടായിട്ടും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനാലാണ് ന്യൂമോണിയ പിടിപെട്ടതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുറിവുകള്‍ പലതും പഴുത്ത നിലയിലായിരുന്നു. കാലുകളിലെ തൊലി അടര്‍ന്ന നിലയിലും. ഇരുകാലുകള്‍ക്കും ഗുരുതര പരുക്കേറ്റു. വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹരിത ഫിനാന്‍സ് തട്ടിപ്പുകേസിലെ പ്രതിയായ രാജ്കുമാറിനെ പൂര്‍ണ ആരോഗ്യവാനായിട്ടാണ് പോലീസിന് കൈമാറിയതെന്ന ദൃക്‌സാക്ഷിമൊഴിയും പുറത്തുവന്നതോടെ പോലീസിന്റെ പ്രതിരോധം കൂടുതല്‍ ദുര്‍ബലമായി. കുട്ടിക്കാനത്തുനിന്നു പിടികൂടിയ പ്രതിയെ 12ന് വൈകിട്ട് മൂന്നിന് നെടുങ്കണ്ടം പോലീസിന് കൈമാറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് പതിനഞ്ചാം തീയതിയാണെന്നാണ് പോലീസ് വാദം.

നെടുങ്കണ്ടം പോലീസ് സ്‌റ്റേഷന്റെ ഒന്നാം നിലയിലുള്ള വിശ്രമമുറിയിലാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഒരു എ.എസ്.ഐയും രണ്ട് െ്രെഡവര്‍മാരുമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നും സൂചനകളുണ്ട്. രാജ്കുമാറിന്റെ മൃതദേഹത്തിലെ തെളിവു നശിപ്പിക്കാന്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നത് വൈകിപ്പിച്ചെന്നും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളും അന്വേഷിക്കാന്‍ ഡി.ജി.പി. നിര്‍ദേശിച്ചിട്ടുണ്ട്.

സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെക്കൂടി കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌റ്റേഷനിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റാനും തീരുമാനമായിട്ടുണ്ട്. സ്‌റ്റേഷന്‍ റൈറ്റര്‍ റോയി പി. വര്‍ഗീസ്, അസിസ്റ്റന്റ് റൈറ്റര്‍ ശ്യാം കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് വര്‍ഗീസ്, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അന്വേഷണ ഉദ്യോഗസ്ഥനായ കട്ടപ്പന ഡിവൈ.എസ്.പി. ഇന്നലെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥരില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. നാലുദിവസം കസ്റ്റഡിയില്‍ സൂക്ഷിച്ച രാജ്കുമാറിന്റെ മരണത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തൊക്കെ വീഴ്ചയുണ്ടായി, ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍, രാത്രിയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയുള്ള വിവരങ്ങളാണ് പോലീസ് സംഘം പരിശോധിക്കുന്നത്. ഹരിത ഫിനാന്‍സ് വായ്പ തട്ടിപ്പ് കേസും കുമാറിന്റെ മരണവും സംബന്ധിച്ച് സംസ്ഥാന െ്രെകം ബ്രാഞ്ച് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ െ്രെകം ബ്രാഞ്ച് സംഘം നെടുങ്കണ്ടം സ്‌റ്റേഷനിലെത്തും.

SHARE