കേരള പൊലീസ് ഹിന്ദി പഠനത്തിലാണ്…!!!!

ഇതരസംസ്ഥാന തൊഴിലാളികളോട് ആശയവിനിമയം നടത്തുന്നതിനുവേണ്ടി റൂറല്‍ ജില്ലയിലെ ജനമൈത്രി പോലീസുകാര്‍ ഹിന്ദി പഠിക്കുന്നു. കോഴിക്കോട് റൂറലിലെ 21 പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥിരം ബീറ്റ് ഡ്യൂട്ടിക്കായി നിയോഗിച്ച 42 പോലീസുകാര്‍ക്കാണ് റൂറല്‍ എസ്.പി. ഓഫീസില്‍ സ്‌പോക്കണ്‍ ഹിന്ദി ക്ലാസ് തുടങ്ങിയത്.

എല്ലാ ശനിയാഴ്ചയും ഒരു മണിക്കൂറാണ് ക്ലാസ്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ഓരോ സ്റ്റേഷനിലും രണ്ട് സ്ഥിരം ബീറ്റ് ഓഫീസര്‍മാര്‍ വീതമാണുള്ളത്. ഇവര്‍ ആഴ്ചയില്‍ അഞ്ചുദിവസം സ്റ്റേഷന്‍ പരിധിയിലെ വീടുകള്‍ സന്ദര്‍ശിച്ച് താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും പ്രദേശത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം പാലിയേറ്റീവ്, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു. സന്ദര്‍ശനവേളയില്‍ ഒട്ടേറെ മറുനാട്ടുകാരുടെ താമസകേന്ദ്രങ്ങളിലും പോകേണ്ടിവരുന്നുണ്ട്. എന്നാല്‍ പോലീസുകാര്‍ക്ക് ഹിന്ദി കൈകാര്യം ചെയ്യാന്‍ പ്രയാസമായതിനാല്‍ അവരോട് വിശദമായി സംസാരിക്കാന്‍ സാധിക്കുന്നില്ല. ഇക്കാര്യം മനസ്സിലാക്കി റൂറല്‍ എസ്.പി. യു. അബ്ദുള്‍കരീം, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ. അശ്വകുമാര്‍ എന്നിവരാണ് പോലീസുകാരെ ഹിന്ദി പഠിപ്പിക്കാന്‍ മുന്‍കൈയെടുത്തത്.

എല്ലാ ശനിയാഴ്ചയും ബീറ്റ് ഓഫീസര്‍മാര്‍ റൂറല്‍ ജില്ലാ പോലീസ് ഓഫീസില്‍ എത്തേണ്ടതുണ്ട്. ഈ സമയത്താണ് ഹിന്ദിപഠനം. നരിപ്പറ്റ ആര്‍.എന്‍.എം.എച്ച്.എസിലെ ഹിന്ദി അധ്യാപകന്‍ പത്മജന്‍, ചിങ്ങപുരം സി.കെ.ജി. എച്ച്.എസ്.എസിലെ സതീശ് ബാബു എന്നിവരാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular