ഓസിസിനെ വിറപ്പിച്ചു; ഒടുവില്‍ കീഴടങ്ങി ബംഗ്ലാദേശ്…

ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് പൊരുതി കീഴടങ്ങി. 382 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ല കടുവകള്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ബംഗ്ലാദേശ് ഒടുവില്‍ 48 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.

ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിഖുര്‍ റഹീം (102 ) സെഞ്ചുറി നേടിയപ്പോള്‍ തമീം ഇക്ബാലും മഹമുദ്ദുള്ളയും അര്‍ധ ശതകങ്ങള്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയക്കായി നഥാന്‍ കോട്ടര്‍നൈല്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. വെസറ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച മത്സരത്തിലേതെന്ന പോലെ വലിയ ലക്ഷ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്ന ബംഗ്ലാദേശ് ആയിരുന്നില്ല കളത്തില്‍.

സഹ ഓപ്പണര്‍ തമീം ഇക്ബാലുമായുള്ള ആശയക്കുഴപ്പത്തില്‍ സൗമ്യ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും ഷാക്കിബ് അല്‍ ഹസന്‍ എത്തിയതോടെ കടുവകള്‍ ഗര്‍ജിച്ച് തുടങ്ങി. ഇതോടെ ഓസീസ് ബൗളര്‍മാര്‍ വിയര്‍ത്തു. പിന്നീട് ഒരു വിക്കറ്റിനായി ദാഹിച്ച കങ്കാരുകള്‍ക്ക് ആശ്വാസം കൊണ്ടു വന്നത് സ്റ്റോയിനിസാണ്.

ലോകകപ്പില്‍ മിന്നുന്ന ഫോമിലുള്ള ഷാക്കിബ് (41) പുറത്തായെങ്കിലും അവിടെയും പോരാട്ടം അവസാനിപ്പിക്കാന്‍ മൊര്‍ത്താസയുടെ ചുണക്കുട്ടികള്‍ തയാറായില്ല. പോര് മുറുകുന്നതിനിടെ 62 റണ്‍സെടുത്ത തമീം ഇക്ബാലിനെ സ്റ്റാര്‍ക്ക് വീഴ്ത്തി. അധികം വൈകാതെ ലിറ്റണ്‍ ദാസും മടങ്ങി. എന്നാല്‍, പിന്നീട് ഒത്തുച്ചേര്‍ന്ന മുഷ്ഫിഖുര്‍ റഹീമും മഹമുദ്ദുള്ളയും ചേര്‍ന്ന് കളം വാണതോടെ ഓസ്‌ട്രേലിയ ശരിക്കും വിയര്‍ത്തു. ഇരുവരും ചേര്‍ന്ന് 127 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി.

എന്നാല്‍ മഹമുദ്ദുള്ള (69), സാബിര്‍ റഹ്മാന്‍ (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പറഞ്ഞു വിട്ട് നഥാന്‍ കോട്ടര്‍നൈല്‍ കങ്കാരുക്കളെ കളിയിലേക്ക് മടങ്ങി കൊണ്ടു വന്നു. പിന്നീട് എല്ലാം ചടങ്ങുതീര്‍ക്കല്‍ ആയപ്പോള്‍ 2005ന് ശേഷം ഓസീസിനെ തോല്‍പ്പിക്കാമെന്ന ബംഗ്ലാദേശ് സ്വപ്നം വീണ്ടും പാതി വഴിയില്‍ മുടങ്ങി.

അതേസമയം, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 381 റണ്‍സ് നേടിയത്. ഡേവിഡ് വാര്‍ണറുടെ (166) സെഞ്ചുറിയാണ് മുന്‍ ചാംപ്യന്മാര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സൗമ്യ സര്‍ക്കാര്‍ ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണ് വാര്‍ണര്‍ കണ്ടെത്തിയത്. 147 പന്തുകളില്‍ നിന്ന് അഞ്ച് സിക്സും 14 ഫോറും ഉള്‍പ്പെടുന്നതാണ് വാര്‍ണറുടെ ഇന്നിങ്സ്. ഒന്നാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചി (53)നൊപ്പം 121 റണ്‍സ് വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീടെത്തിയ ഉസ്മാന്‍ ഖവാജ (89)യ്ക്കൊപ്പം 192 റണ്‍സും ചേര്‍ക്കാന്‍ വാര്‍ണര്‍ക്കായി. സൗമ്യ സര്‍ക്കാരിന് പുറമെ മുസ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Similar Articles

Comments

Advertismentspot_img

Most Popular