കാണാതായ പെൺകുട്ടികളിൽ ഒരാൾ പീഡനത്തിനിരയായി: 2 യുവാക്കൾ അറസ്റ്റിൽ

അടൂർ: നഗരത്തിൽ നിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത 3 പെൺകുട്ടികളിൽ ഒരാൾ പീഡനത്തിനിരയായ കേസുമായി ബന്ധപ്പെട്ട് 2 യുവാക്കൾ അറസ്റ്റിൽ. നിലമ്പൂർ വഴിക്കടവ് ചെറുപറമ്പിൽ ഷിയാസ്(21), സഹായി നിലമ്പൂർ വഴിക്കടവ് തോണിക്കടവ് വീട്ടിൽ അൻഷിദ്(23) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടിയെ പ്രായപൂർത്തിയാകും മുൻപ് ഷിയാസ് പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയാണു പെൺകുട്ടികളെ അടൂരിൽ നിന്ന് കാണാതായത്. പിന്നീട് ഇവരെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് റെയിൽവേ പൊലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന ഷിയാസിനെയും അൻഷിദിനെയും അന്ന് കസ്റ്റഡിയിൽ എടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയും പിന്നീട് പെൺകുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

ഇതിലാണ് ഒരു പെൺകുട്ടി നേരത്തേ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷിയാസിനെയും സഹായം ചെയ്ത അൻഷിദിനെയും അറസ്റ്റ് ചെയ്തത്.

SHARE