രണ്ടാം ഭാഗം; ലൂസിഫർ സിനിമയുടെ തുടർക്കഥയല്ല

ആരാധകർ കാത്തിരുന്ന ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ വാക്കുകൾ തുടങ്ങിയത്. ലൂസിഫറിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.
‘ലൂസിഫർ എന്ന ആശയം ഉടലെടുത്തുപ്പോൾ മലയാളത്തിന് ചിന്തിക്കാൻ കഴിയാത്തൊരു ബജറ്റ് ആയിരുന്നു ആ പ്രോജക്ടിനു വേണ്ടിയിരുന്നത്. അടുത്തഘട്ടത്തിലേയ്ക്ക് കഥ വളരണമെങ്കിൽ മലയാളം ഇൻഡസ്ട്രിയും അതിനനുസരിച്ച് വളരണമായിരുന്നു. ലൂസിഫർ എന്ന സിനിമയിലൂടെ അത് സംഭവിച്ചു. അവിടെ നിന്നാണ് ലൂസിഫർ 2 എന്ന സിനിമ സാധ്യമാകും എന്ന് തീരുമാനിക്കുന്നത്. ഈ സിനിമയിൽ നിങ്ങൾ കാണാൻ പോകുന്ന കഥയുടെ ചർച്ച തുടങ്ങുന്നതും ലൂസിഫറിന്റെ വിജയത്തിൽ നിന്നാണ്.’–പൃഥ്വിരാജ് പറഞ്ഞു.

‘ലൂസിഫർ 2 എന്നത് ലൂസിഫർ സിനിമയുടെ തുടർക്കഥയല്ല, അവിടെ ഈ കഥാപാത്രങ്ങൾ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടർച്ചയും ചിത്രത്തിൽ ഉണ്ടാകും. എമ്പുരാൻ എന്നാണ് സിനിമയുടെ പേര്.’–പൃഥ്വിരാജ് വ്യക്തമാക്കി.

‘അടുത്തവർഷം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. റിലീസിനെപറ്റി ഇപ്പോൾ പറയാനാകില്ല. താരങ്ങളെപറ്റിയും ധാരണയില്ല. എന്നാൽ ഷൂട്ട് ചെയ്യേണ്ട ലൊക്കേഷൻസ് തീരുമാനിച്ചു കഴിഞ്ഞു.’–പൃഥ്വി പറഞ്ഞു.

സിനിമയുടെ മറ്റുവിവരങ്ങളെക്കുറിച്ച് പിന്നീട് അറിയാക്കാമെന്ന് പൃഥ്വി പറഞ്ഞു. നിർമാതാവ് ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.

SHARE