അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരും; ഒറ്റപ്പദവി ഇവിടെ ബാധകമല്ല..!!! ജെ പി നഡ്ഡ വര്‍ക്കിങ് പ്രസിഡന്റ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ തന്നെ ബിജെപി അധ്യക്ഷനായി തുടരും. മുന്‍ കേന്ദ്രമന്ത്രി ജെ പി നഡ്ഡയെ ബിജെപി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.

അടുത്ത ആറ് മാസത്തേക്കാണ് ജെ പി നഡ്ഡയുടെ നിയമനം. ബിജെപിയിലെ ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നത് വരെ അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരുമെന്നാണ് സൂചന. പല തട്ടിലുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊടുവിലാകും അധ്യക്ഷപദത്തിലേക്കുള്ള തെരഞ്ഞെടുപ്പ്.

ഒറ്റപ്പദവി നയമാണ് ബിജെപി പിന്തുടരുന്നതെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തില്‍ അമിത് ഷാ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ബിജെപി അധ്യക്ഷനായി അമിത് ഷാ തന്നെ തുടരുമ്പോഴും തല്‍ക്കാലം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഒരു പ്രവര്‍ത്തനാധ്യക്ഷനെ നിയമിക്കുന്നത്. ആഭ്യന്തര തെരഞ്ഞെടുപ്പ് ഈ പ്രവര്‍ത്തനാധ്യക്ഷന്റെ മേല്‍നോട്ടത്തിലാകും നടക്കുക.

2018 സെപ്റ്റംബറില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗം ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ മരവിപ്പിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം അമിത് ഷായുടെ നേതൃത്വത്തില്‍ത്തന്നെ മുന്നോട്ടുപോകുമെന്നായിരുന്നു തീരുമാനം. അഞ്ച് വര്‍ഷം മുന്‍പ് ബിജെപി അധ്യക്ഷനായ ഷായുടെ കാലാവധി, ജനുവരിയില്‍ അവസാനിച്ചിരുന്നു.

ജൂലൈ 2014-ലാണ് രാജ്‌നാഥ് സിംഗിന് ശേഷം അമിത് ഷാ ബിജെപി അധ്യക്ഷപദത്തിലെത്തുന്നത്. രാജ്‌നാഥ് സിംഗ് കേന്ദ്രമന്ത്രിസഭയിലേക്ക് പോയപ്പോള്‍ ഷാ പാര്‍ട്ടി തലപ്പത്തെത്തി. രാജ്‌നാഥ് സിംഗിന് 18 മാസം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം കേന്ദ്രമന്ത്രിയായത്. ‘ഒരാള്‍ക്ക് ഒറ്റപ്പദവി’ എന്ന നയമനുസരിച്ച് അദ്ദേഹം ബിജെപി അധ്യക്ഷപദമൊഴിയുകയായിരുന്നു. തുടര്‍ന്ന് 2016-ല്‍ അമിത് ഷാ ഔദ്യോഗികമായി ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

SHARE