രണ്ടരക്കോടിയിലേറെ യാത്രക്കാര്‍; മലയാളികളുടെ പ്രിയ മെട്രോയ്ക്ക് രണ്ട് വയസ്സ്..!!!

കൊച്ചി: മലയാളികളുടെ പുതിയ യാത്രാ അനുഭവമായി മാറിയ കൊച്ചി മെട്രോയ്ക്ക് ഇന്ന് രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നു. പ്രവര്‍ത്തന ചിലവിനൊപ്പം പ്രതിദിന വരുമാനമെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് രണ്ടാം വര്‍ഷത്തില്‍ മെട്രോ നേട്ടമായി ഉയര്‍ത്തുന്നത്. തൃപ്പൂണിത്തുറ വരെയുള്ള ആദ്യഘട്ടവും, ജലമെട്രോയുമാണ് മൂന്നാം വര്‍ഷത്തില്‍ കൊച്ചി മെട്രോയെ കാത്തിരിക്കുന്നത്.

മെട്രോ കൊച്ചിക്കാരുടെ സ്വന്തമായി മാറിക്കഴിഞ്ഞു. 2 കോടി 58 ലക്ഷം പേരാണ് ഉദ്ഘാടനം ദിവസം മുതല്‍ ഇന്ന് വരെ കൊച്ചി മെട്രോയില്‍ യാത്രക്കാരായത്. ടിക്കറ്റ് വരുമാനം 83 കോടി രൂപ. ടിക്കറ്റ് ഇതര വരുമാനം 68 കോടി രൂപ. പ്രതിദിനം ശരാശരി 40,000 യാത്രക്കാര്‍. വാരാന്ത്യം ഈ സംഖ്യ 45,000 വരെയെത്തും. കൊച്ചി കാണാന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മെട്രോ ഒഴിവാക്കാനാവാത്തതായി. മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനമാണ് മെട്രോ ചരിത്രത്തിലെ തിളക്കമേറിയ ഏടുകളിലൊന്ന്.

മെട്രോയുടെ നഗരശൃംഖല വ്യാപിപ്പിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ. ആദ്യഘട്ടത്തിലെ തൈക്കൂടം വരെയുള്ള ഭാഗം ഓഗസ്റ്റ് പകുതിയോടെ ഗതാഗത യോഗ്യമാകും. പേട്ടയിലേക്ക് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സര്‍വ്വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഡിഎംആര്‍സിയാണ് ഇത് വരെയുള്ള നിര്‍മ്മാണങ്ങളുടെ ചുമതല.

എന്നാല്‍ തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റെയില്‍ നിര്‍മ്മാണം മുതല്‍ കെഎംആര്‍എല്‍ നേരിട്ട് ഏറ്റെടുക്കും. കേന്ദ്ര അനുമതി ലഭിച്ചാല്‍ കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിനും വേഗമേറും. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തില്‍ വാട്ടര്‍ മെട്രോ കൂടി സര്‍വ്വീസ് തുടങ്ങിയാല്‍ മെട്രോ കൂടുതല്‍ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍.

Similar Articles

Comments

Advertismentspot_img

Most Popular