ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇന്ത്യ

ഇന്ത്യക്ക് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയം. കോലിയും സംഘവും ഓസ്‌ട്രേലിയയെ 36 റണ്‍സിന് തോല്‍പ്പിച്ചു. 353 റണ്‍സ് എന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഓപ്പണിങ് വിക്കറ്റില്‍ തന്നെ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസീസിന്റെ തുടക്കം ഗംഭീരമായിരുന്നു. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് അടിത്തറ പാകുന്നതിനിടയില്‍ റണ്‍ഔട്ടിന്റെ രൂപത്തില്‍ നിര്‍ഭാഗ്യം വന്നു. കേദര്‍ ജാദവും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ റണ്‍ഔട്ടാക്കി. മൂന്നു ഫോറും ഒരു സിക്‌സും സഹിതം 35 പന്തില്‍ 36 റണ്‍സാണ് ഫിഞ്ച് നേടിയത്.

അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡേവിഡ് വാര്‍ണറും(56) ക്രീസ് വിട്ടു. ചാഹലിനായിരുന്നു വിക്കറ്റ്. അപ്പോഴേക്കും സ്മിത്തുമായി ചേര്‍ന്ന് വാര്‍ണര്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. പിന്നീട് ഉസ്മാന്‍ ഖ്വാജയും സ്റ്റീവ് സ്മിത്തും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്നു. സ്മിത്ത് നങ്കൂരമിട്ട് കളിക്കുകയും ഖ്വാജ സ്‌കോറിങ് വേഗത കൂട്ടുകയും ചെയ്തു. 69 റണ്‍സിന്റെ ഈ കൂട്ടുകെട്ട് ബുംറ പൊളിച്ചു. 39 പന്തില്‍ 42 റണ്‍സെടുത്ത ഖ്വാജ പുറത്തായി.

അടുത്തത് സ്മിത്തിന്റെ ഊഴമായിരുന്നു. 70 പന്തില്‍ 69 റണ്‍സെടുത്ത സ്മിത്തിനെ 39-ാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. ആ ഓവറിലെ അവസാന പന്തില്‍ സ്റ്റോയിന്‍സിനേയും (0) ഭുവനേശ്വര്‍ തിരിച്ചയച്ചു. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഓസീസ് അഞ്ചു വിക്കറ്റിന് 238 എന്ന നിലയിലായി.

അടുത്ത ഓവറില്‍ മാക്സ്വെല്ലും പുറത്തായി. ചാഹലിന്റെ പന്തില്‍ ഒന്നാന്തരമൊരു ക്യാച്ചിലൂടെ ജഡേജ (ധവാന് പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായാണ് ജഡേജ ഗ്രൗണ്ടിലിറങ്ങിയത്) മാക്സ്വെല്ലിനെ പുറത്താക്കുകയായിരുന്നു. 14 പന്തില്‍ 28 റണ്‍സ് അടിച്ചിരുന്നു മാക്സ്വെല്‍.

പിന്നീട് 45-ാം ഓവറില്‍ കോള്‍ട്ടര്‍നൈലിനെ (4) ബുംറ കോലിയുടെ കൈയിലെത്തിച്ചു. 47-ാം ഓവറിലെ അവസാന പന്തില്‍ കമ്മിന്‍സും (8) പുറത്തായി. അതും ബുംറയ്ക്കായിരുന്നു വിക്കറ്റ്.

അവസാന ഓവര്‍ എറിയാനെത്തിയത് ഭുവനേശ്വര്‍ കുമാറാണ്. ആദ്യ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (3) റണ്‍ ഔട്ടായി. അവസാന പന്തില്‍ സാംപയെ ഭുവനേശ്വര്‍ ജഡേജയുടെ കൈയിലെത്തിച്ച് ഓസീസ് ഇന്നിങ്സിന് തിരശ്ശീലയിട്ടു. ഇന്ത്യക്ക് 36 റണ്‍സ് വിജയം.

10 ഓവറില്‍ 50 റണ്‍സ് വഴങ്ങി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റെടുത്തു. 61 റണ്‍സ് വഴങ്ങിയ ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തി. യുസ്വേന്ദ്ര ചാഹലിന് രണ്ട് വിക്കറ്റ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തന്നെ ഗംഭീരമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ധവാനും രോഹിതും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 127 റണ്‍സിന്റെ കൂട്ടുകെട്ട്. 70 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കി കോള്‍ട്ടര്‍ നൈല്‍ ഓസീസിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. എന്നാല്‍ പിന്നീട് കോലിയെ കൂട്ടുപിടിച്ചായിരുന്നു ധവാന്റെ മുന്നേറ്റം. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 93 റണ്‍സ് അടിച്ചു. സെഞ്ചുറിക്ക് പിന്നാലെ ധവാന്‍ പുറത്തായി. ലോകകപ്പിലെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്‍ പുറത്താകുമ്പോള്‍ 109 പന്തില്‍ 117 റണ്‍സ് നേടിയിരുന്നു. 16 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഈ ഇന്നിങ്‌സ്.

തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയും കോലിയും ചേര്‍ന്ന് സ്‌കോറിങ് വേഗത കൂട്ടി. ഇരുവരും മൂന്നാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആദ്യ പന്തില്‍ തന്നെ പുറത്താകേണ്ടിയിരുന്ന ഹാര്‍ദികിനെ ഭാഗ്യം തുണച്ചപ്പോള്‍ അടിച്ചെടുത്തത് 48 റണ്‍സാണ്. 27 പന്തില്‍ നാല് ഫോറും മൂന്നു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്.

പിന്നീട് ക്രീസിലെത്തിയ എം.എസ് ധോനി അവസാന ഓവറുകളില്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ചു. മൂന്നു ഫോറും ഒരു സിക്‌സും കണ്ടെത്തി. 49-ാം ഓവറിലെ ആദ്യ പന്തില്‍ പുറത്തായി. 14 പന്തില്‍ 27 റണ്‍സായിരുന്നു സമ്പാദ്യം. അവസാന ഓവറിലെ അഞ്ചാം പന്തില്‍ കോലിയും ക്രീസ് വിട്ടു. അപ്പോഴേക്കും 77 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം ഇന്ത്യന്‍ ക്യാപ്റ്റന്‍ 82 റണ്‍സ് അടിച്ചിരുന്നു.

ധോനി പുറത്തായപ്പോള്‍ ക്രീസിലെത്തിയ കെ.എല്‍ രാഹുല്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിലേക്ക് പറത്തി. ഇന്ത്യയുടെ ഇന്നിങ്‌സിലെ അവസാന പന്തും നേരിട്ടത് രാഹുലാണ്. അതും ഗാലറിയിലെത്തിയതോടെ ഓസീസിന് മുന്നില്‍ ലക്ഷ്യം 353 റണ്‍സ് ആയി. മൂന്നു പന്തില്‍ 11 റണ്‍സാണ് രാഹുല്‍ നേടിയത്. കേദര്‍ ജാദവ് പുറത്താകാതെ നിന്നു.

ഇതിനിടെ ഓസ്ട്രേലിയക്കെതിരേ ഏകദിനത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കി. സച്ചിന്‍, ഡെസ്മണ്ട് ഹെയ്ന്‍സ്, വിവിയന്‍ റിച്ചാര്‍ഡ് എന്നിവരാണ് രോഹിതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. ടോസ് നേടിയ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular