എറണാകുളത്ത് പനി ബാധിച്ചയാള്‍ക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി

കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂനെ വൈറോളജി ഇസ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട. എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ നിന്നുള്ള റിപ്പോര്‍ട്ട് നിപയെന്ന സംശയം നിലനിര്‍ത്തുന്നു. കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണം. സംശയം മാത്രമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കോണ്‍ടാക്റ്റ് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ ആരോഗ്യമന്ത്രി. നിപയാണെന്ന് കണ്ടെത്തിയാല്‍ അത് മറച്ച് വക്കില്ല എന്ന് വ്യക്തമാക്കി. നിപയാണെങ്കില്‍ അത് ഉടന്‍ തന്നെ ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.

കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്. നിപാ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും നേരത്തേ തന്നെ അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular