ബിജെപി ഇതര സര്‍ക്കാറിനുള്ള നീക്കം സജീവം; ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെ നടക്കാനിരിക്കെ കേന്ദ്രത്തില്‍ ബി ജെ പി ഇതരസര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കം സജീവം. ടി ഡി പി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

ബി ജെ പി ഇതര സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. രാവിലെ പത്തുമണിയോടെയാണ് രാഹുലുമായി നായിഡു കൂടിക്കാഴ്ച നടത്തിയത്.

രാഹുലിനെ സന്ദര്‍ശിച്ച നായിഡു, ഡല്‍ഹിയില്‍നിന്ന് ഉച്ചയ്ക്കു ശേഷം 2.45ന് ലഖ്നൗവിലേക്ക് വിമാനമാര്‍ഗം പോകും. എസ് പി നേതാവ് അഖിലേഷ് സിങ് യാദവ്, ബി എസ് പി നേതാവ് മായാവതി എന്നുവരുമായും കൂടിക്കാഴ്ച നടത്തും. ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് 3.45 ഓടെയാകും ഇരുനേതാക്കളുമായി നായിഡു കൂടിക്കാഴ്ച നടത്തുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. ശേഷം ഏഴുമണിയോടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹം ആന്ധ്രയിലേക്ക് തിരിക്കും.

ടി ആര്‍ എസ് ഉള്‍പ്പെടെ ബി ജെ പി വിരുദ്ധചേരിയിലുള്ള ഏത് പാര്‍ട്ടിയും തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മഹാസഖ്യത്തില്‍ ചേരുന്നതിനെ സ്വാഗതം ചെയ്യുന്നതായി വെള്ളിയാഴ്ച നായിഡു വ്യക്തമാക്കിയിരുന്നു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ എന്നിവരുമായി നായിഡു വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular