തന്റെ വീട്ടിലുമുണ്ട് ഹിന്ദുക്കളെന്ന് കമല്‍ഹാസന്‍

ചെന്നൈ: തന്റെ പ്രസ്താവന ചരിത്ര സത്യമാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പരന്‍കുണ്ട്രത്ത് പ്രചാരണത്തിനിടെയാണ് കമല്‍ പ്രസ്താവന ആവര്‍ത്തിച്ചത്. താന്‍ പറഞ്ഞത് സത്യമാണ്. സത്യത്തിന് കയ്പാണ്. അത് മരുന്നാണ്. എന്നാല്‍ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും ആരോപിച്ചു. പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് രണ്ടുദിവസമായി പ്രചാരണപരിപാടികള്‍ റദ്ദാക്കിയ കമല്‍ ബുധനാഴ്ച വീണ്ടും പര്യടനമാരംഭിച്ചു. താന്‍ ഹിന്ദുക്കള്‍ക്ക് എതിരല്ലെന്നും തന്റെ വീട്ടിലും ഹിന്ദുക്കളുണ്ടെന്നും കമല്‍ പറഞ്ഞു. താന്‍ വിശ്വസിയല്ലെന്നത് കാര്യമാക്കേണ്ടതില്ല. മകള്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. ബന്ധുക്കളൊക്കെ വിശ്വാസികളാണ്. ഹിന്ദുക്കള്‍ക്ക് എതിരായി പ്രവൃത്തിക്കാന്‍ തനിക്കാവില്ല. ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി മാത്രം പ്രവൃത്തിക്കാനല്ല രാഷ്ട്രീയത്തിലിറങ്ങിയത്. ഒരു മതത്തിനും എതിരല്ലെന്നും നന്മയ്ക്ക് വേണ്ടി എല്ലാ മതത്തെയും വിമര്‍ശിക്കുമെന്നും കമല്‍ വ്യക്തമാക്കി.

അതേസമയം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയാണെന്ന പ്രസ്താവനയുടെപേരില്‍ കമല്‍ഹാസനെതിരേ പത്തിലേറേ കേസുകള്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരവാക്കുറിച്ചിയില്‍ പ്രചാരണത്തിനിടെയായിരുന്നു കമലിന്റെ പ്രസ്താവന. ഹിന്ദുമുന്നണി നല്‍കിയ പരാതിയില്‍ കഴിഞ്ഞദിവസം തന്നെ അരവാക്കുറിച്ചി പോലീസ് കേസെടുത്തിരുന്നു. ചെന്നൈയിലുള്‍പ്പെടെ പലയിടത്തും ബി.ജെ.പി.പ്രവര്‍ത്തകരും ഹൈന്ദവ സംഘടനകളും നല്‍കിയ പരാതികളിലാണ് കേസെടുത്തത്.

50 ബി.ജെ.പി. പ്രവര്‍ത്തകര്‍ ഒപ്പിട്ടുനല്‍കിയ പരാതിയില്‍ ചെന്നൈ മടിപ്പാക്കം പോലീസ് കേസെടുത്തു. അഖിലഭാരത ഹിന്ദുമഹാസഭയുടെ പരാതിയില്‍ വിരുഗമ്പാക്കം പോലീസും കേസെടുത്തു. ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. മധുരയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതേസമയം തനിക്കെതിരേയുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമല്‍ നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി.

അവധിക്കാല ബെഞ്ചില്‍ കേസ് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി മുന്‍കൂര്‍ജാമ്യം തേടി ഹര്‍ജി നല്‍കാന്‍ നിര്‍ദേശിച്ചു.

അതിനിടെ കമല്‍ഹാസനെ മാനസികരോഗിയെന്ന് പരിഹസിച്ച് എ.ഐ.എ.ഡി.എം.കെ. മുഖപത്രമായ ‘നമത് അമ്മ’യില്‍ ലേഖനം പ്രസിദ്ധീകരിച്ചു. മക്കള്‍ നീതി മയ്യത്തെ നിരോധിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular