നെയ്യാറ്റിന്‍കര ആത്മഹത്യ; കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ബാങ്ക് ഓഫീസ് അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: ജപ്തി നടപടിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ത്തു.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്റ്റ്യൂച്യുവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്നില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ പ്രകടനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ ബാങ്ക് കോമ്പൗണ്ടിനുള്ളില്‍ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ കവാടത്തിനു പുറത്തെത്തിക്കുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ ബാങ്കിന് വെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കനറാ ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കൂടുതല്‍ പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടിലില്‍ ബാങ്കിനു മുന്നില്‍ വലിയ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

മൃതദേഹവുമായി കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കരയിലെ കനറാ ബാങ്കിനു മുന്നില്‍ പ്രതിഷേധം നടത്തുമെന്ന് നാട്ടുകാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ വിട്ടു കൊടുത്തതിനു ശേഷം ഉപരോധം ഉണ്ടാകുമെന്നാണ് അറിയുന്നത്. പ്രതിഷേധം ഭയന്ന് കനറാ ബാങ്കിന്റെ മൂന്നു ശാഖകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.

15 വര്‍ഷം മുന്‍പെടുത്ത ഭവനവായ്പ കുടിശ്ശികയായതിനെ തുടര്‍ന്ന് ബാങ്കിന്റെ ജപ്തി ഭീഷണി മൂലം ചൊവ്വാഴ്ചയാണ് നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയില്‍ക്കട ‘വൈഷ്ണവി’യില്‍ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകള്‍ വൈഷ്ണവി(19)യും തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീടും സ്ഥലവും വിറ്റ് ജപ്തി ഒഴിവാക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതോടെയാണ് ഇവര്‍ ജീവനൊടുക്കിയത്. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇവരുടെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് ആരോപണം ഉയരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular