കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന് ബിജെപി നേതാവ് സഹോദരനെ വെടിവച്ചു

കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന്റെ പേരില്‍ അടുത്ത ബന്ധുവിനെ യുവാവ് വെടിവെച്ചു. ഹരിയാനയിലെ ജജ്ജാറില്‍ തിങ്കളാഴ്ചയാണ് സംഭവം. ബിജെപിയുടെ പ്രാദേശിക നേതാവായ ധര്‍മേന്ദര്‍ സിലാനി പിതൃസഹോദരീ പുത്രനായ രാജസിങ്ങിനെ വെടിവെക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതാണ് വെടിവെക്കാനുള്ള പ്രകോപനമെന്നാണ് റിപ്പോര്‍ട്ട്.

ഹരിയാനയിലെ വോട്ടെടുപ്പിനെ തുടര്‍ന്ന് ജജ്ജാറിലെ സൈലാന ഗ്രാമത്തില്‍ ബിജെപി-കോണ്‍ഗ്രസ് അനുഭാവികള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ത്തന്നെ ഇരു പക്ഷത്തും അണിനിരന്ന് പരസ്പരം ഏറ്റുമുട്ടി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സഹോദര പുത്രര്‍ തമ്മിലും ഏറ്റുമുട്ടല്‍ നടന്നത്.

വോട്ടെടുപ്പ് ദിവസമായ ഞായറാഴ്ച തന്നെ ധര്‍മേന്ദറും രാജയും തമ്മില്‍ വഴക്കുണ്ടായിരുന്നു. രാജയോടും കുടുംബത്തോടും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ധര്‍മേന്ദര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ അത് വകവയ്ക്കാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തു. ഇതറിഞ്ഞ് പ്രകോപിതനായ ധര്‍മന്ദര്‍ തിങ്കളാഴ്ച രാവിലെ രാജയ്ക്കു നേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. രാജയുടെ വയറിനു കാലിനമാണ് വെടിയേറ്റത്.

പരിക്കേറ്റ രാജയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹം അപകടനില തരണം ചെയ്തതിട്ടുണ്ട്. സംഘര്‍ഷത്തില്‍ രാജയുടെ അമ്മ ഫൂല്‍മതിക്കും പരിക്കേറ്റു. രാജയുടെ പരാതിയില്‍ ധര്‍മേന്ദറിനെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ചാണ് ധര്‍മേന്ദര്‍ വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular