സെക്‌സ് നിഷേധിച്ച് സമരം ചെയ്യാന്‍ ആഹ്വാനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രനിരോധന നിയമം കര്‍ക്കശമാക്കിയ തീരുമാനത്തിനെതിരെ ഹോളിവുഡ് താരം അലീസ മിലാനോ. തീരുമാനത്തോടുള്ള പ്രതിഷേധമെന്ന നിലയ്ക്ക് സെക്സ് സ്ട്രൈക്ക് നടത്താനാണ് അലീസ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികഅതിക്രമങ്ങള്‍ക്കെതിരെ അലീസ ആഹ്വാനം ചെയ്ത മീ ടൂ ക്യാംപയിന്‍ ലോകമെമ്പാടും വിപ്ലവം സൃഷ്ടിച്ചിരുന്നു.

ഗര്‍ഭധാരണം നടന്ന് ആറാഴ്ച്ചയ്ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം അനുവദിക്കാനാവില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. ജോര്‍ജിയ ഉള്‍പ്പടെയുള്ള നാല് സംസ്ഥാനങ്ങളിലാണ് അമേരിക്കയില്‍ ഈ നിയമം നിലവിലുള്ളത്. ഇത് തികച്ചും സ്ത്രീവിരുദ്ധമാണെന്നാണ് അലീസ പറയുന്നത്. ഗര്‍ഭിണിയാണ് എന്നറിയാന്‍ തന്നെ ചിലപ്പോള്‍ ആറാഴ്ച്ച എടുത്തേക്കും. സ്ത്രീക്ക് സ്വന്തം ശരീരത്തിലുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് നിയമമെന്ന് അലീസ അഭിപ്രായപ്പെടുന്നു.

സ്വന്തം ശരീരത്തിലുള്ള പൂര്‍ണ അവകാശം തിരികെക്കിട്ടുന്നതുവരെ ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സ്ത്രീകളോട് ട്വീറ്റിലൂടെ അലീസ ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രീയപരിവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകള്‍ മുമ്പും ഇങ്ങനെ സെക്സ് സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അലീസ ഓര്‍മ്മിപ്പിക്കുന്നു. 1600കളില്‍ നിരന്തരമായ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറോക്വീസ് വനിതകളും 2003ല്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ലൈബീരിയന്‍ വനിതകളും സെക്സ് സ്ട്രൈക്ക് നടത്തിയതിനെക്കുറിച്ചാണ് അലീസ പറഞ്ഞത്.

സഹതാരം ബെറ്റി മിഡ്ലര്‍ ഉള്‍പ്പടെ നിരവധി പേര്‍ അലീസയെ അനുകൂലിച്ച് രംഗത്തെത്തി. എന്നാല്‍, അലീസയുടെ ആഹ്വാനം തന്നെ സ്ത്രീവിരുദ്ധമാണെന്നും സ്ത്രീ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പുരുഷന് വേണ്ടിയാണെന്ന തെറ്റായ സന്ദേശമാണ് അത് പങ്കുവയ്ക്കുന്നതെന്നും ലിബറലുകള്‍ വിമര്‍ശിക്കുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞ് വിമര്‍ശിച്ചാലും താന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് അലീസ പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular