വിദേശത്ത് കാണാതായ യുവതി നാട്ടിലെത്തി

കൊല്ലം: ജോലിക്കായി വിദേശത്തുപോയി തൊഴില്‍ തട്ടിപ്പിന് ഇരയായി കാണാതായ സുനിത നാട്ടില്‍ തിരിച്ചെത്തി. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുനിത ഏറെ വൈകിയാണ് കൊല്ലത്തെത്തിയത്.

വിമാനത്താവളത്തില്‍ മക്കളായ സീതാലക്ഷ്മി, അനന്തു, ബന്ധുവായ സന്തോഷ് തുടങ്ങിയവരെത്തിയിരുന്നു. മുളവന മുക്കൂട് പുത്തന്‍വിളവീട്ടില്‍ സുനിതയെ ദുബായിലേക്കാണ് ഏജന്റ് കൊണ്ടുപോയത്. അവിടെനിന്ന് ഒമാനിലേക്ക് കടത്തുകയായിരുന്നു. ഏപ്രില്‍ 20 മുതല്‍ സുനിതയുടെ യാതൊരു വിവരവുമില്ലാത്തതിനാല്‍ മൂന്നുമക്കളും ആശങ്കയിലായിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ അധികൃതരുടെയും പ്രവാസി സംഘടനകളുടെയും ഭാഗത്തുനിന്ന് ഇടപെടലുണ്ടായി. ഇതാണ് സുനിതയെ നാട്ടിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചത്.

ഒമാനില്‍ ലിവ എന്ന സ്ഥലത്ത് സ്‌പോണ്‍സര്‍ സുനിതയെ വീട്ടുതടങ്കലിലാക്കിയിരുന്നു. വാര്‍ത്തകണ്ടതോടെ ഒ.ഐ.സി.സി. നേതാക്കളായ ചന്ദ്രന്‍ കല്ലട, ശങ്കരപ്പിള്ള കുമ്പളത്ത് എന്നിവരുെട നേതൃത്വത്തില്‍ ഇടപെട്ടു. കരാറനുസരിച്ചുള്ള 1500 ഒമാന്‍ റിയാല്‍ (ഏകദേശം 2.69 ലക്ഷം രൂപ) നല്‍കിയതോടെയാണ് സ്‌പോണ്‍സര്‍ സുനിതയെ വിട്ടയയ്ക്കാന്‍ തയ്യാറായത്.

സുനിത ശനിയാഴ്ചയാണ് ഒമാനിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തിലെത്തി. അവിടെനിന്ന് വൈകീട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തേണ്ടതായിരുന്നു. വിമാനം വൈകിയതിനാല്‍ തിരുവനന്തപുരത്തെത്താന്‍ വൈകി.

Similar Articles

Comments

Advertismentspot_img

Most Popular