ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തിന് തെളിവില്ലെന്ന് കണ്ടെത്തല്‍; അന്വേഷണം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗകാരോപണം തള്ളി സുപ്രീം കോടതിയുടെ മൂന്നംഗ സമിതി. ജസ്റ്റിസ് എസ്.എ ബോബ്ദെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ആരോപണം തള്ളിയത്. സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് പരാതിക്കാരി. യുവതിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും യുവതിയുടെ ആരോപണത്തില്‍ യാതൊരു തെളിവുമില്ലെന്നും സമിതി കൂട്ടിച്ചേര്‍ത്തു. ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മൂന്നംഗ സമിതി.

അതേസമയം അന്വേഷണസമിതിയുടെ കണ്ടെത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മൂന്നംഗ സമിതി വ്യക്തമാക്കി. 2003ലെ ഇന്ദിരാ ജെയ്സിംഗ് കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് കൈമാറി.

ഏപ്രില്‍ 20നാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം പുറത്തുവന്നത്. സംഭവം സുപ്രീം കോടതി വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ദ വയര്‍ വാര്‍ത്തയാക്കിയതോടെയാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം വാര്‍ത്തയായത്. തുടര്‍ന്ന് 17 മുതിര്‍ന്ന ജഡ്ജുമാരെ വിളിച്ചുചേര്‍ത്ത് ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് മൂന്നംഗ സമിതിയെ രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ തകര്‍ക്കാനുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നാണ് തുടക്കം മുതല്‍ തന്നെ രജ്ഞന്‍ ഗോഗോയി ആരോപിച്ചിരുന്നത്.

പരാതിക്കാരിയായ യുവതി ആദ്യം അന്വേഷവുമായി സഹകരിച്ചിരുന്നുവെങ്കിലും പിന്നീട് യുവതി പിന്‍മാറി. അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍മാറ്റം. ഏപ്രില്‍ 30-നാണ് യുവതി പിന്‍മാറിയത്. തനിക്ക് അഭിഭാഷകനെ നിയമിക്കണമെന്ന ആവശ്യം സമിതി നിരസിച്ചു, തന്റെ മൊഴിപ്പകര്‍പ്പ് നല്‍കിയില്ല തുടങ്ങിയ പരാതികള്‍ ഉന്നയിച്ചുകൊണ്ടാണ് യുവതി അന്വേഷണ സംഘവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയത്. തുടര്‍ന്ന് മൂന്നംഗ സമിതി ഏകപക്ഷീയമായി അന്വേഷണം തുടരുകയും പരാതി തള്ളുകയുമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular