തെറ്റു ചെ്തിട്ടുണ്ടെങ്കില്‍ മോദിയുടെ വീട്ടിലും റെയ്ഡ് നടത്തണം: പ്രധാനമന്ത്രി

ഭോപ്പാല്‍: താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയതെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകരാണ്, പിന്നെ എന്തിനാണ് ഞങ്ങളുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. എന്നാല്‍, രാജ്യത്തെ നിയമം എല്ലാ ജനങ്ങള്‍ക്കും ഒരുപോലെയാണ്. ഇനി മോദി എന്തെങ്കിലും തെറ്റു ചെയ്താല്‍ മോദിയുടെ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തും’.- ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം മധ്യപ്രദേശില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി മുതല്‍ ഭോപ്പാല്‍ വരെ കോണ്‍ഗ്രസിന്റെ അഴിമതി വ്യക്തമാണ്. നിങ്ങളുടെ ചൗക്കിദാര്‍ എപ്പോഴും ശ്രദ്ധയോടെ ഇരിക്കുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വിശ്വസ്തരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത പണം രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തിന് വേണ്ടി കരുതിയിരുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ചില രാഷട്രീയ പ്രവര്‍ത്തകരുടെ വീടുകളില്‍ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമല്ലെന്നും എല്ലാം നിയമത്തിന്റെ വഴിക്കാണ് നടക്കുന്നതെന്നും കഴിഞ്ഞയാഴ്ച ഒരു അഭിമുഖത്തിനിടെ മോദി പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular